മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് മലയാള സിനിമയില്‍ തന്റേതായ ഒരിടം സൈജു കുറുപ്പ് നേടിയെടുത്തത്. നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതമായത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയം നേടിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ ഈ വര്‍ഷം നായകനായും താരം തിളങ്ങിയിരുന്നു.
സൈജു കുറുപ്പിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വെച്ച് ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. ആദ്യഭാഗം പരാജയമായിരുന്നിട്ടും രണ്ടാം ഭാഗത്തിലൂടെ അമ്പത് കോടിയിലധികമായിരുന്നു ചിത്രം നേടിയത്. കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ മോഹിനിയാട്ടത്തിന്റെ മൂന്നാം ഭാഗം രാസലീലയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
സൈജു കുറുപ്പ്. Photo: X.com
ഇപ്പോഴിതാ താരത്തെ കുറിച്ച് ആര്‍ടിസ്റ്റ് മഞ്ജുശ്രീ നായര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ മഞ്ജുശ്രീ ബിയോണ്ട് ദി മൈക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സൈജു കുറുപ്പുമൊത്ത് അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിച്ചത്.
‘സൈജു സിനിമയിലെ എന്റെ ആദ്യത്തെ മോനായിരുന്നു. നല്ല തുടക്കമായിരുന്നു അദ്ദേഹത്തോടൊപ്പം. ഒരു ജെന്റില്‍മാനാണ് അദ്ദേഹം. സിനിമയുടെ ഷൂട്ടിനിടെ ഞാന്‍ തന്നെ കാറോടിച്ച് പോകേണ്ട ഒരു സീന്‍ വന്നു. ഞാനാദ്യമായിട്ടാണ് അങ്ങനെ റോഡില്‍ വണ്ടി ഓടിക്കുന്നത്. സൈജുവിന് അതിന്റെ ടെന്‍ഷന്‍ നന്നായിട്ടുണ്ടായിരുന്നു. വണ്ടിയില്‍ റിഗ് എല്ലാം വെച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഞാന്‍ അങ്ങനെ എല്ലാം കാണുന്നത്. ചേച്ചി എങ്ങനെ ഓടിക്കും എന്ന പേടി സൈജുവിനുണ്ട്.
എങ്കിലും വളരെ സമാധാനത്തോടെ എനിക്ക് ധൈര്യം തന്നാണ് സൈജു അന്ന് അഭിനയിച്ചത്. ഞാന്‍ ഓടിക്കും എന്ന് സൈജുവിന് ഒരു കോണ്‍ഫിഡന്‍സ് വന്നപ്പോള്‍ പിന്നെ ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പിന്നെ ആസാദി എന്ന ചിത്രത്തില്‍ സൈജു വീണ്ടും എന്റെ മകനായി വന്നിട്ടുണ്ട്. അതിലൊരു സീന്‍ മാത്രമാണ് ഉള്ളതെങ്കിലും സൈജുവിന്റെ കവിളത്ത് ആഞ്ഞടിക്കണം. എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായി.
മഞ്ജുശ്രീ നായര്‍. Photo: Beyond mic
സൈജുവിന്റെ മുഖത്ത് അടിക്കുന്നത് എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ല. പക്ഷേ ശരിക്കും അടിച്ചോളാന്‍ സൈജു പറഞ്ഞു, ഇല്ലെങ്കില്‍ അത് ഫേക്ക് ആണെന്ന് മനസിലാകും. അങ്ങനെ അടിക്കേണ്ടി വന്നു. വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. മമിതയുടെ കാര്യം പറഞ്ഞ പോലെ കൊടുത്തു നല്ലപോലെ. മമിതയ്ക്ക് ഷോള്‍ഡറിലായിരുന്നെങ്കില്‍ സൈജുവിന്റെ കവിളില്‍ തന്നെയാണ് കൊടുത്തത്,’ മഞ്ജുശ്രീ പറഞ്ഞു.
Content Highlight: ManjuShree Nair talks about her experience of acting with Saiju Kurup