| Sunday, 27th September 2026, 12:42 pm

സൗത്ത് ഇന്ത്യയില്‍ മമിതയാണെങ്കില്‍ കേരളത്തില്‍ മഞ്ജുശ്രീ നായര്‍; ഹാട്രിക് ഇരുനൂറ് കോടി ചിത്രങ്ങളുമായി താരം

അശ്വിന്‍ രാജേന്ദ്രന്‍

തമിഴിലും മലയാളത്തിലും തുടര്‍ച്ചയായ വലിയ വിജയങ്ങളുമായി തിളങ്ങിനില്‍ക്കുന്ന അഭിനേത്രിയാണ് മമിത ബൈജു. ജന നായകന്‍, വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി അഭിനയിച്ച ചിത്രങ്ങള്‍ ഇരുനൂറ് കോടി ക്ലബില്‍ കയറ്റിക്കൊണ്ട് ഹാട്രിക്ക് നേടാന്‍ മമിതയ്ക്ക് സാധിച്ചിരുന്നു. ദീപികയ്ക്കും ആലിയ ഭട്ടിനും ശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമായി മമിത മാറിയിരുന്നു.

എന്നാല്‍ ഇതേ നേട്ടത്തിന് മലയാളത്തില്‍ നിന്നും മറ്റൊരു സഹനടിയും ഉടമയായിരുന്നു. ചെറുതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മഞ്ജുശ്രീ നായരാണ് തുടര്‍ച്ചയായി ഇരുനൂറ് കോടി ചിത്രങ്ങള്‍ നേടിക്കൊണ്ട് മലയാളത്തിലെ ഭാഗ്യതാരമായിരിക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടിയും കടന്ന് വലിയ വിജയം നേടിയതോടെയാണ് താരം ഈ നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്.

മഞ്ജുശ്രീ നായര്‍. Photo: X.com

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും, ഈ വര്‍ഷം പുറത്തിറങ്ങിയ വാഴ 2 തുടങ്ങിയ ചിത്രങ്ങളിലും താരം ഭാഗമായിരുന്നു. 230 കോടിയിലധികം നേടിയ തുടരുമിലെ പ്രധാനവഴിത്തിരിവായ വിവാഹവീട്ടിലെ വീട്ടമ്മയായാണ് മഞ്ജുശ്രീ നായര്‍ വേഷമിട്ടിരുന്നത്. മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവായി മാറിയ ചിത്രം മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ടോപ് ഫൈവ് ലിസ്റ്റിലും ഇടം പിടിച്ചിരുന്നു.

നവാഗത സംവിധായകനും നവാഗത അഭിനേതാക്കളും അണിനിരന്ന വാഴ 2 ആയിരുന്നു മഞ്ജു ശ്രീ നായരുടെ രണ്ടാമത്തെ ഇരുനൂറ് കോടി ചിത്രം. ലോകഃയെ വെട്ടിച്ച് ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രത്തിലെ സ്‌കൂള്‍ ടീച്ചറായിട്ടായിരുന്നു മഞ്ജുശ്രീ നായര്‍ വേഷമിട്ടത്. ഹാഷിറും ഗ്യാങ്ങും പ്രധാനവേഷത്തിലെത്തിയ ചിത്രം 235 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രമായാണ് മഞ്ജുശ്രീ നായര്‍ വേഷമിട്ടത്. വാഴ 2വിന്റെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡ് തകര്‍ത്ത ബെത്‌ലഹേം കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി 150 കോടിയിലധികം സ്വന്തമാക്കിയിരുന്നു. ഇതോടെ മലയാളത്തിലെ പുതിയ ഭാഗ്യ സഹനടിയായിരിക്കുകയാണ് മഞ്ജുശ്രീ നായര്‍.

Content Highlight: Manjushree Nair becomes the Lucky actress of Mollywood with hat trick 200 crore films

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more