| Monday, 3rd November 2025, 5:47 pm

സീന്‍ മാറ്റുമെന്ന് പറഞ്ഞു, സീന്‍ മാറ്റി, ബോക്‌സ് ഓഫീസ് നേട്ടത്തിന് പുറമെ സംസ്ഥാന അവാര്‍ഡിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മലിലെ പിള്ളേര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച സിനിമയടക്കം പത്ത് അവാര്‍ഡുകളാണ് മഞ്ഞുമ്മലിലെ ടീംസ് സ്വന്തമാക്കിയത്. 2024ലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 100 കോടി ക്ലബ്ബ് സിനിമകള്‍ പോലും വല്ലപ്പോഴും ലഭിച്ചുകൊണ്ടിരുന്ന ഇന്‍ഡസ്ട്രിയില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി.

ഇപ്പോഴിതാ ചലച്ചിത്ര പുരസ്‌കാര വേദിയിലും മഞ്ഞുമ്മലിലെ പിള്ളേരുടെ തേരോട്ടമാണ് നടത്തിയത്. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരം രണ്ട് അവാര്‍ഡാണ് നേടിയത്. മികച്ച തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ രണ്ടാമത്തെ സിനിമയിലൂടെ ചിദംബരം തന്റെ ഷെല്‍ഫിലെത്തിച്ചു.

സ്വന്തം കൂട്ടുകാരനെ രക്ഷിക്കാന്‍ വേണ്ടി ജീവന്‍ പണയം വെച്ച് മുന്നിട്ടിറങ്ങിയ കുട്ടേട്ടനായി പകര്‍ന്നാടിയ സൗബന്‍ ഷാഹിര്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധാര്‍ത്ഥ് ഭരതനുമായി പുരസ്‌കാരം പങ്കിട്ടെടുക്കുകയായിരുന്നു സൗബിന്‍. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് സൗബിന്‍ ഷാഹിര്‍.

ഒറിജിനല്‍ ഗുണാ കേവ് തോറ്റുപോകുന്ന തരത്തില്‍ പുനസൃഷ്ടിച്ച അജയന്‍ ചാലിശ്ശേരി മികച്ച കലാസംവിധായകനായും ഗുണാ കേവിന്റെ പേടിപ്പെടുത്തുന്ന ഭംഗി ഒപ്പിയെടുത്ത ഷൈജു ഖാലിദ് മികച്ച ഛായാഗ്രഹകനായും തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ പ്രൊമോ സോങ് ഒരുക്കിയ വേടന്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

സൗണ്ട് ഡിസൈന്‍, സൗണ്ട് മിക്‌സിങ് എന്നിവക്ക് ഷിജിന്‍, അഭിഷേക്, ഫസല്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഈ വര്‍ഷത്തെ പുരസ്‌കാരവേദിയില്‍ ഏറ്റവുമധികം അവാര്‍ഡ് നേടിയതും മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെയാണ്. മറ്റൊരു സിനിമയെയുടെ അടുത്ത് നിര്‍ത്താതെ പക്കാ ഡൊമിനേഷന്‍ ചിത്രം കാഴ്ചവെച്ചു.

റിലീസിന് മുമ്പ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ പറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി നടക്കുന്ന കാഴ്ചക്കാണ് പിന്നീട് മോളിവുഡ് സാക്ഷ്യം വഹിച്ചത്. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി.

Content Highlight: Manjummel Boys won ten Awards in 55th Kerala State Film Award

We use cookies to give you the best possible experience. Learn more