| Monday, 24th November 2025, 6:38 pm

തമിഴില്‍ ഷൂട്ട് ചെയ്ത് തുടങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം മലയാളത്തിലേക്ക് മാറ്റിയതെന്തിനാണെന്ന് അന്നും ഇന്നും ചോദിച്ചിട്ടില്ല; മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ സമ്മര്‍ ഇന്‍ ബെത്ലഹേം 27 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റീലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി, മഞ്ജു വാര്യര്‍, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഡിസംബര്‍ 12 നാണ് വീണ്ടും തിയേറ്ററുകളിലേക്കെത്തുക.

ഇതൊരു തമിഴ് സിനിമയായി ചിത്രീകരിക്കപ്പെടേണ്ടതായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങള്‍ കാരണം മലയാളത്തിലേക്ക് മാറ്റിയതാണെന്നും ഓര്‍ത്തെടുക്കുകയാണ് നടി മഞ്ജു വാര്യര്‍. യൂ ട്യൂബ് ചാനലായ കോക്കേഴ്സ് എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ഇത് ആദ്യമൊരു തമിഴ് സിനിമയായാണ് കണ്‍സീവ് ചെയ്തത്. ഞാനും പ്രഭു സാറും ചേര്‍ന്ന് തമിഴില്‍ വൃന്ദ മാസ്റ്ററുടെ കൊറിയോഗ്രാഫില്‍ ഒരു പാട്ടൊക്കെ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് എന്തൊക്കെയോ പ്രശ്നങ്ങള്‍ സംഭവിച്ച് അത് മുടങ്ങിപോവുകയായിരുന്നു. ഈ ഘട്ടത്തിലാണ് സിയാദ് കോക്കര്‍ സിനിമ ഏറ്റെടുക്കുന്നതും സിബി സാറും രഞ്ജിത് ഏട്ടനും ചേര്‍ന്ന് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നതും.

എന്താണ് കാര്യമെന്ന് ഞാന്‍ അന്നും ചോദിച്ചിട്ടില്ല ഇന്നും ചോദിക്കുന്നില്ല. മലയാളത്തില്‍ നടക്കാനായിരിക്കും ഈ ചിത്രത്തിന്റെ നിയോഗമെന്നാണ് ഞാന്‍ വിശ്വസിച്ചത്. എല്ലാം നല്ലതിനാണല്ലോ, ഇങ്ങനെ സംഭവിച്ചതുകൊണ്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ചിത്രത്തിന്റെ ഭാഗമാവാന്‍ എനിക്ക് കഴിഞ്ഞു. ഇതൊരു തമിഴ് സിനിമയായി ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് സങ്കല്പിക്കാന്‍ പോലും പറ്റുന്നില്ല.

പണ്ട് സമ്മര്‍ ഇന്‍ ബെത്ലഹേമിന്റെ ആഴം എനിക്കറിയില്ലായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും പ്രത്യേകിച്ച് ഞാന്‍ ചെയ്ത ആമി എന്ന കഥാപാത്രത്തിന് എത്രത്തോളം ലെയറുകളുണ്ടായിരുന്നു എന്നത് വര്‍ഷങ്ങക്ക് ശേഷമാണ് മനസ്സിലായത്. ലാലേട്ടന്‍, സുരേഷേട്ടന്‍, ജയറാമേട്ടന്‍, മണിചേട്ടന്‍ പിന്നെ എന്റെ കസിന്‍സായി അഭിനയിച്ചവര്‍ തുടങ്ങി എല്ലാ അര്‍ത്ഥത്തിലും വലിയ ചിത്രമായിരുന്നു ഇത്,’ മഞ്ജു പറഞ്ഞു.

വളരെ ചുരുക്കം ചില ചിത്രങ്ങള്‍ക്ക് മാത്രമാണ് എല്ലാ കാര്യങ്ങളും പെര്‍ഫക്ടായി ലഭിക്കുകയെന്നും, സമ്മര്‍ ഇന്‍ ബെത്ലഹേം അത്തരത്തിലൊരു ചിത്രമായിരുന്നുവെന്നും താരം പറയുന്നു. ചിത്രത്തിലെ ഗാനങ്ങളായാലും, വസ്ത്രാലങ്കാരമായാലും, കഥാപശ്ചാത്തലമായാലും എല്ലാം ഒരു നിയോഗം പോലെ ഒന്നിനെന്ന് മെച്ചമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഇന്നത്തെ തലമുറയിലെ ഒരുപാട് പേര്‍ക്ക് തിയേറ്ററില്‍ നിന്നും ചിത്രം ആസ്വദിക്കാനുള്ള അവസരമാണ് റി റീലീസിലുടെ ലഭിക്കുന്നതെന്നും ചിത്രം ഇതുവരെ കാണാത്തവരും കണ്ടവരും തിയ്യേറ്ററിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു. ആധുനിക ടെക്നോളജി ഉപയോഗിച്ച് 4കെ അറ്റ്മോസിലായിരിക്കും ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുകയെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ അറിയിച്ചു.

കൊച്ചിയിലെ ഗോകുലം കണ്‍വെക്ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയിലിന്റെയും മറ്റു അഭിനേതാക്കളുടെയും സാനിധ്യത്തില്‍ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു.

Content Highlight: Manju Warrier shares the memories of Summer in Bethlehem movie

We use cookies to give you the best possible experience. Learn more