മലയാളികൾക്കെന്നും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. പ്രേക്ഷകർക്ക് മഞ്ജുവിനോടുള്ള ഇഷ്ടം വെറും ഒരു ആരാധന മാത്രമല്ല, അതും കടന്നുള്ള സ്നേഹമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരന്തരം ചർച്ചയാകുന്ന വിഷയങ്ങളിലൊന്നാണ് മഞ്ജു വാര്യർ പങ്കുവെക്കുന്ന ചിത്രങ്ങൾ. അവർ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഓരോ ചിത്രത്തിലും മഞ്ജുവിന്റെ സൗന്ദര്യത്തിനൊപ്പം തന്നെ സന്തോഷവും ജീവിതത്തോടുള്ള ആത്മവിശ്വാസവും വ്യക്തമായി പ്രതിഫലിക്കുന്നു. സ്വന്തം ജീവിതം സ്വന്തം രീതിയിൽ ആസ്വദിക്കുന്ന ഒരാളുടെ തെളിച്ചമാണ് ഈ ചിത്രങ്ങളിലൂടെ പ്രേക്ഷകർ കാണുന്നത്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ശ്രദ്ധാകേന്ദ്രമാകുകയും ചെയ്യുന്നു.
ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടും അവയിലൊന്നും തളരാതെ, ശക്തമായി ജീവിതം മുന്നോട്ടു കൊണ്ടുപോയ സ്ത്രീയാണ് മഞ്ജു വാര്യർ. ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന സ്ത്രീകൾ വീട്ടിൽ അടഞ്ഞു കൂടിയിരിക്കേണ്ടവരല്ല, സ്വന്തം ലക്ഷ്യങ്ങൾക്ക് വേണ്ടി പോരാടേണ്ടവരാണെന്ന സന്ദേശമാണ് മഞ്ജു തന്റെ ജീവിതത്തിലൂടെ സമൂഹത്തോട് പറഞ്ഞത്.
മഞ്ജു വാര്യർ, Photo: Manju Warrier/ Facebook
എന്ത് സംഭവിച്ചാലും തളരാതെ മുന്നോട്ട് പോകാൻ, ആവശ്യമെങ്കിൽ തന്നെ വേണ്ടാത്ത കുടുംബം തനിക്കും വേണ്ട എന്ന ശക്തമായ തീരുമാനം എടുക്കാൻ പോലും ധൈര്യം കാണിച്ച സ്ത്രീയാണവർ.
സിനിമയിലെത്തി ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഏകദേശം 20 ഓളം ചിത്രങ്ങൾ ചെയ്ത് മലയാള സിനിമയിൽ ഉറച്ച സാന്നിധ്യമായി മാറിയ താരം, കരിയറിന്റെ ഏറ്റവും ഉയർച്ചയിലെത്തിയ സമയത്താണ് വിവാഹിതയായത്. തുടർന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ താരം ഏകദേശം 15 വർഷത്തോളം അഭിനയ രംഗത്ത് നിന്ന് മാറി നിന്നു. സിനിമയിൽ സജീവമായിരുന്ന കാലത്തേക്കാൾ മൂന്നു ഇരട്ടിയോളം സമയം അകന്നുനിന്നിട്ടും മലയാളികൾ മഞ്ജുവിനെ മറന്നില്ല. അത്ര എളുപ്പത്തിൽ മറക്കാൻ കഴിയുന്ന മുഖമായിരുന്നില്ല അത്. മഞ്ജു ചെയ്ത കഥാപാത്രങ്ങൾ അത്രമേൽ ആഴത്തിൽ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞവയായിരുന്നു. ഉണ്ണിമായയെയും, ഭാനുമതിയെയും, ആമിയെയും, ഭദ്രയെയും പോലെ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർ എങ്ങനെ മറക്കും?.
ദിലീപുമായുള്ള വിവാഹമോചന സമയത്ത് ഒരു രൂപ പോലും നഷ്ടപരിഹാരം വാങ്ങിയില്ലെന്ന് ആ സമയത്ത് വാർത്തകളുണ്ടായിരുന്നു. സ്വന്തം നിലയിൽ, സ്വന്തമായ പരിശ്രമത്തിലൂടെ ജീവിതത്തിലും മലയാള സിനിമയിലും മുന്നേറണമെന്ന ഉറച്ച തീരുമാനമായിരുന്നു അതിന് പിന്നിൽ. ‘എനിക്ക് എന്നും ഞാൻ മാത്രമേ ഉണ്ടാകൂ’ എന്ന ബോധത്തോടെ ജീവിതത്തോട് പൊരുതിയ സ്ത്രീയാണ് മഞ്ജു. തളരാൻ സാധ്യതയുണ്ടായിരുന്ന എല്ലാ സാഹചര്യങ്ങളിലും മലയാളി പ്രേക്ഷകർ കൈവിടാതെ താങ്ങി നിർത്തിയതും മഞ്ജുവിന് കൂടുതൽ കരുത്ത് നൽകി.
മഞ്ജു വാര്യർ, Photo: Manju Warrier/ Facebook
അന്നത്തെ സാഹചര്യങ്ങളിൽ, മകൾ ദിലീപിനൊപ്പം നിൽക്കുന്നു എന്ന വാർത്ത പുറത്ത് വന്നപ്പോൾ, മഞ്ജുവിന് മറ്റ് ബന്ധങ്ങൾ ഉണ്ടെന്നും, വിവാഹമോചനത്തിന് കാരണം മഞ്ജുവാണെന്നുമുള്ള നിരവധി ഗോസിപ്പുകളും ആരോപണങ്ങളും പ്രചരിച്ചു. എന്നാൽ ഇതൊന്നിനും മഞ്ജു വാര്യർ മറുപടി നൽകിയില്ല. ഒരു വാക്ക് പോലും പ്രതികരിച്ചില്ല. മൗനമാണ് അവൾ തിരഞ്ഞെടുത്ത ആയുധം. ഇന്നും ഒറ്റയ്ക്ക് തന്റെ ജീവിതം ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുകയാണ് മഞ്ജു.
വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് അതിശക്തമായ ഒരു തിരിച്ചു വരവ് മഞ്ജു നടത്തി. തിരിച്ചു വരവിലെ ആദ്യ ചിത്രം ‘ഹൗ ഓൾഡ് ആർ യൂ’ സൂപ്പർഹിറ്റായി മാറി. ഈ സിനിമയിൽ നിന്ന് കുഞ്ചാക്കോ ബോബനെ മാറ്റാൻ മുൻഭർത്താവ് ദിലീപ് ശ്രമിച്ചിരുന്നു എന്ന വിവരം പിന്നീട് ഒരു കേസുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബൻ നൽകിയ മൊഴിയിലൂടെ പുറത്തുവന്നിരുന്നു. തിരിച്ചുവന്ന കാലത്ത് മഞ്ജു അഭിനയിച്ച ചിത്രങ്ങളിൽ പലതും മലയാള സിനിമയ്ക്ക് അഭിമാനതാരമായ മോഹൻലാലിന്റെ കൂടെയാണെന്നതും ശ്രദ്ധേയമാണ്.
ദിലീപ് മലയാള സിനിമയിൽ സജീവമായിരുന്ന കാലത്തുതന്നെയാണ് മഞ്ജുവിന്റെ ഈ ശക്തമായ തിരിച്ചുവരവ്. അതിലൂടെ തന്റെ കരിയറിൽ മറ്റൊരു വഴിയാണ് മഞ്ജു തുറന്നത്.
മഞ്ജു വാര്യർ, Photo: Manju Warrier/ Facebook
അടുത്തകാലത്ത് ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതിവിധിക്ക് ശേഷം, ഇതിനെല്ലാം കാരണം മഞ്ജു പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റാണെന്ന് കോടതി മുറ്റത്ത് വെച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞ് മഞ്ജുവിനെ സൈബർ ആക്രമണത്തിന് വിട്ടുകൊടുത്തപ്പോഴും അതിനെതിരെയുള്ള മഞ്ജുവിന്റെ പ്രതികരണം അവരുടെ നിലപാടും വിവേകവും പ്രതിഫലിപ്പിക്കുന്നതായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്തുനിൽക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നായിരുന്നു ഇതിന് മഞ്ജു നൽകിയ മറുപടി.
അതിജീവിതയ്ക്ക് പൂർണനീതി ലഭിക്കുക ഈ കുറ്റകൃത്യത്തിന് കാരണക്കാരായവർ ശിക്ഷിക്കപ്പെടുമ്പോൾ മാത്രമാണെന്ന് കൂടി പറഞ്ഞ്ഈ വിഷയത്തിലുള്ള തന്റെ നിലപാട് ഒന്നുകൂടി മഞ്ജു ലോകത്തിന് മുൻപിൽ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.
ജീവിതത്തിൽ എന്തെല്ലാം ചെയ്യണം, എന്തെല്ലാം ആഗ്രഹങ്ങൾ പൂർത്തീകരിക്കണം എന്നത് ഒരു ബക്കറ്റ് ലിസ്റ്റ് പോലെ തയ്യാറാക്കി ഓരോന്നായി നടപ്പിലാക്കുകയാണ് മഞ്ജുവിന്റെ മറ്റൊരു പ്രത്യേകത. സ്വന്തമായി ഇഷ്ടപ്പെട്ട വാഹനത്തിൽ ഒറ്റയ്ക്ക് ബൈക്ക് റൈഡ് പോകുന്നതടക്കമുള്ള നിരവധി സ്വപ്നങ്ങൾ താരം ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന മഞ്ജുവിന്റെ ഓരോ ചിത്രങ്ങളും അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ജീവിതത്തിൽ എല്ലാം നേടിയെടുത്ത ഒരു വിജയിയുടെ സംതൃപ്തിയാണ് മഞ്ജുവിന്റെ ഓരോ ചിത്രവും മലയാളി പ്രേക്ഷകർക്ക് നൽകുന്നത്. ചിരിച്ചും, നൃത്തം ചെയ്തും, ജീവിതത്തെ ആഘോഷിച്ചും പങ്കുവെക്കുന്ന ഓരോ നിമിഷവും, നൃത്തത്തോടുള്ള താരത്തിന്റെ ഒടുങ്ങാത്ത പ്രണയവും വ്യക്തമാക്കുന്നു.
അഭിനയം എന്ന തന്റെ കഴിവിൽ വിശ്വസിച്ച്, 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിരവധി തടസ്സങ്ങൾ മറികടന്ന് വീണ്ടും സിനിമയിലേക്ക് എത്തി, പത്ത് വർഷങ്ങൾക്കിപ്പുറം ഇന്നും ഈ രംഗത്ത് ഉറച്ചുനിൽക്കുന്നത് ചെറിയ കാര്യമല്ല. നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും നൽകാനുള്ള മഞ്ജു വാര്യരുടെ യാത്ര ഇനിയും തുടരുമെന്നതിൽ സംശയവുമില്ല.
Content Highlight: Manju Warrier’s photo goes viral again