| Friday, 15th May 2026, 10:48 pm

എന്ത് കിടിലനായിട്ടാ ആക്ഷന്‍ ചെയ്യുന്നത്... ആരെങ്കിലും ഒരു കലക്കന്‍ ആക്ഷന്‍ പടം ഇവരെ വെച്ച് ചെയ്യുമോ? വൈറലായി മഞ്ജു വാര്യരുടെ ആക്ഷന്‍ സീന്‍

അമര്‍നാഥ് എം.

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് സിനിമാജീവിതത്തിന് താത്കാലിക വിരാമമിട്ട താരം തിരിച്ചുവരവില്‍ മികച്ച കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുകയായിരുന്നു. അഭിനയപ്രാധാന്യമുള്ള മികച്ച കണ്ടന്റുകള്‍ തേടിപ്പിടിച്ച് ചെയ്യുന്ന മഞ്ജു വാര്യര്‍ സിനിമാലോകത്തെ ഞെട്ടിക്കുകയാണ്.

മലയാളത്തില്‍ ഒരേ തരത്തിലുള്ള വേഷങ്ങളാണ് താരത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പവര്‍ഫുള്‍ ഡയലോഗുകളുള്ള ശക്തയായ സ്ത്രീ കഥാപാത്രങ്ങളില്‍ മഞ്ജു വാര്യര്‍ തളച്ചിടപ്പെടുകയാണ്. എന്നാല്‍ അന്യഭാഷയില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളാണ് മഞ്ജു ചെയ്തുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ലഭിക്കാത്ത ആക്ഷന്‍ റോളുകള്‍ തമിഴില്‍ താരത്തെ തേടിവരുന്നുണ്ട്. അതിലെ ഏറ്റവുമൊടുവിലത്തെ എന്‍ട്രിയാണ് തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സ്.

ആര്യ, ഗൗതം കാര്‍ത്തിക്, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം തിയേറ്ററില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ചിത്രത്തില്‍ മഞ്ജുവിന്റെ ആക്ഷന്‍ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായ ഇന്ദിര വര്‍മ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ മിസ്റ്റര്‍ എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്.

ക്ലൈമാക്‌സിനോടടുത്തുള്ള സീനില്‍ വില്ലന്മാരുടെ ഗ്രൂപ്പുമായി മഞ്ജു വാര്യറുടെ കഥാപാത്രം ഏറ്റുമുട്ടുന്ന രംഗമാണ് വൈറലായത്. കിടിലന്‍ കഥാപാത്രമാണ് മഞ്ജുവിന്റേതെന്നും ക്ലൈമാക്‌സിലൊക്കെ ഗംഭീര പെര്‍ഫോമന്‍സാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇത്രയും ഗംഭീര കഥാപാത്രമാണെങ്കിലും സിനിമ പോര എന്നും കമന്റുകളുണ്ട്.

മിസ്റ്റര്‍ എക്‌സില്‍ മഞ്ജു വാര്യര്‍ Photo: Jio Hotstar

സ്‌പൈ ത്രില്ലര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ ഒട്ടും ബലമില്ലാത്ത തിരക്കഥയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കാലങ്ങളായി സ്‌പൈ ത്രില്ലര്‍ സിനിമകള്‍ കാലങ്ങളായി പിന്തുടരുന്ന അതേ ഫോര്‍മുലയിലൊരുങ്ങിയ ചിത്രമാണ് മിസ്റ്റര്‍ എക്‌സെന്നും കമന്റുകളുണ്ട്. മഞ്ജു വാര്യറുടെ പൊട്ടന്‍ഷ്യല്‍ ഇത്തരം സിനിമകള്‍ ചെയ്ത് ഇല്ലാതാക്കുകയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

തമിഴില്‍ ഇതുവരെ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അസുരനിലെ പച്ചയമ്മാള്‍, തുനിവിലെ കണ്മണി, വിടുതലൈ 2ലെ മഹാലക്ഷ്മി എന്നിവ മറ്റാര്‍ക്കും ചെയ്തുഫലിപ്പിക്കാനാവാത്ത വിധം ഗംഭീരമാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ദിര വര്‍മയും ആ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Content Highlight: Manju Warrier’s Action scene in  Mr X movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more