| Friday, 25th September 2026, 8:00 am

വടക്കൻ സെൽഫിയിലെ ആ പാട്ട് ഞാനായിരുന്നു പാടേണ്ടിയിരുന്നത്, വിനീതും ഷാനും വിളിച്ചിരുന്നു; മഞ്ജു വാര്യർ

അജ്മല്‍ കെ

2015ൽ വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി ജി. പ്രജിത്ത് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ‘ഒരു വടക്കൻ സെൽഫി’. നിവിൻ പോളി നായകനായ ചിത്രത്തിൽ മഞ്ജിമ മോഹൻ, അജു വർഗീസ്, നീരജ് മാധവ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്ന ഗാനം വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

‘ഒരു വടക്കൻ സെൽഫി’യിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനം പാടാൻ ആദ്യം വിളിച്ചത് മഞ്ജു വാര്യരെ ആയിരുന്നുവെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ പറഞ്ഞു. എന്നാൽ പിന്നീട് ആ ഗാനം വൈക്കം വിജയലക്ഷ്മി പാടുകയായിരുന്നു. അമൃത ടിവിയിലെ ‘സൂപ്പർ സ്റ്റാർസ്’ റിയാലിറ്റി ഷോയ്ക്കിടെ മഞ്ജു വാര്യരും ഷാൻ റഹ്മാനും പങ്കുവെച്ച ഓർമകളിലാണ് ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞത്.

ഒരു വടക്കൻ സെൽഫി. Photo. IMDb

‘ഷാനിന് ഓർമയുണ്ടോ, വടക്കൻ സെൽഫിയിൽ ഒരു പാട്ടുപാടാൻ എന്നെ വിളിച്ചതായിരുന്നു. അതെനിക്ക് ഇപ്പോഴും ഓർമയുണ്ട്. റെക്കോർഡിങ്ങൊക്കെ നടന്നു. ആ പാട്ട് പിന്നീട് വലിയ ഹിറ്റായി,’ മഞ്ജു വാര്യർ പറഞ്ഞു.

പാട്ടിനായി മഞ്ജുവിനെ സമീപിച്ചിരുന്നുവെന്നും എന്നാൽ അന്ന് അത് നടന്നില്ലെന്നും ഷാൻ റഹ്മാൻ ഓർത്തെടുത്തു. ‘അതെ, ചേച്ചിയെ വിളിച്ചു. പക്ഷെ മഞ്ജു ചേച്ചി മുങ്ങി. ‘കൈക്കോട്ടും കണ്ടിട്ടില്ല’എന്ന പാട്ടായിരുന്നു അത്. പെട്ടെന്ന് നമ്മൾ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു, ഇത് നമുക്ക് മഞ്ജു ചേച്ചിയെ കൊണ്ട് പാടിപ്പിച്ചാൽ അടിപൊളിയായിരിക്കും എന്നുള്ള ഒരു പ്ലാൻ വന്നത്,’ ഷാൻ പറഞ്ഞു.

ഇതിനിടെ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തായ വിനീത് ശ്രീനിവാസനും തന്നെ വിളിച്ചിരുന്നുവെന്നും, സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയാൽ പാട്ടുപാടാമെന്ന് താൻ തമാശയായി പറഞ്ഞിരുന്നുവെന്നും മഞ്ജു വ്യക്തമാക്കി.

‘വിനീത് ശ്രീനിവാസൻ വിളിച്ചു എന്നെ. ഞാൻ പറഞ്ഞു, ഞാൻ ചുമ്മാ തമാശക്ക് എനിക്ക് അതിൽ വേഷം കൂടി ഉണ്ടെങ്കിൽ പാടാം എന്ന് പറഞ്ഞു. പക്ഷെ അവർ അത് വേണ്ടാന്നു വെച്ചു പോയി. പിന്നെ അത് വിജിയാണ് പാടിയത് വൈക്കം വിജയലക്ഷ്മി… അയ്യോ, എത്ര മനോഹരമായിട്ടാണ് അവർ അത് പാടിയിരിക്കുന്നത്,’ മഞ്ജു കൂട്ടിച്ചേർത്തു.

മഞ്ജു വാര്യർ. Photo. Screen Grab/ Youtyube.

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘കൈക്കോട്ടും കണ്ടിട്ടില്ല’ ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ, പിന്നീട് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മഞ്ജുവിനെ കണ്ടതും ഷാൻ റഹ്മാൻ ഓർത്തെടുത്തു.

‘ചെന്നൈയിലെ എയർപോർട്ടിൽ ഒരു പരിപാടിക്ക് പോകാൻ നിൽക്കുമ്പോൾ ഞാൻ ഫോണിൽ നോക്കി തല താഴ്ത്തി ഇരിക്കുകയാണ്. ഞാൻ നേരെ നോക്കിയപ്പോൾ മഞ്ജു ചേച്ചി ഇങ്ങനെ നടന്നു വരുന്നുണ്ട്. ചേച്ചി എന്നെ നോക്കി കൈ വീശി ഹായ് പറഞ്ഞു. ഞാൻ എന്നെത്തന്നെയാണോ എന്ന് വിചാരിച്ച് പുറകിലോട്ട് ഒക്കെ നോക്കുന്നുണ്ട്. ചേച്ചി എന്റെ അടുത്ത് വന്ന് ചോദിച്ചു, ‘ഷാനെ, ഞാൻ ഒരു കാര്യം ചോദിക്കാം, സത്യം പറയണം… വടക്കൻ സെൽഫിയിൽ എന്നെ പാടാൻ വിളിച്ച പാട്ട് ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്ന പാട്ടാണോ? ഞാൻ പറഞ്ഞു, അതെ. അപ്പോൾ ചേച്ചി തലയിൽ കൈവെച്ച് ‘ശോ’ എന്ന് പറഞ്ഞു,’ ഷാൻ പറഞ്ഞു.

വിനീത് ശ്രീനിവാസൻ, Photo. Facebook

ആ പാട്ട് താൻ തന്നെ പാടിയിരുന്നെങ്കിൽ എങ്ങനെയാകുമായിരുന്നു എന്ന ചിന്ത പിന്നീട് ഉണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു. ‘പിന്നെ എനിക്ക് തോന്നി,അത് പാടിയാൽ മതിയായിരുന്നു എന്ന്,’ മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

Content Highlight: Manju Warrier reveals she was supposed to sing a song in ‘Oru Vadakkan Selfie’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more