| Saturday, 26th July 2025, 4:09 pm

കുടുംബശ്രീയോട് എക്കാലത്തും ആത്മബന്ധം പുലര്‍ത്തിയ വ്യക്തി; മഞ്ജുവാര്യര്‍ക്ക് നന്ദിയറിയിച്ച് എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുടുംബശ്രീയെ കുറിച്ചുള്ള അഭിപ്രായപ്രകടനത്തില്‍ അഭിനേത്രി മഞ്ജുവാര്യര്‍ക്ക് നന്ദിയറിയിച്ച് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്.

കുടുംബശ്രീയോട് എക്കാലത്തും ആത്മബന്ധം പുലര്‍ത്തിയ വ്യക്തിയാണ് മഞ്ജുവാര്യരെന്നും അയല്‍ക്കൂട്ട ഒത്തുചേരലുകളെ കൂടുതല്‍ സര്‍ഗാത്മകമാക്കാനായി മഞ്ജുവാര്യര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ‘PAPPAPPA’യിലെ കോളത്തില്‍ മഞ്ജുവാര്യര്‍ എഴുതിയ കുറിപ്പിനെ മുന്‍നിര്‍ത്തിയാണ് മന്ത്രിയുടെ പ്രതികരണം.

മഞ്ജുവാര്യര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാവുന്നതാണെന്നും അതിനുള്ള നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മാത്രമല്ല സാംസ്‌ക്കാരികമായും കൂടി ശാക്തീകരിക്കുക എന്നത് തന്നെയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. അതിന് ഉതകുന്ന നിര്‍ദേശമാണ് മഞ്ജുവാര്യര്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും മന്ത്രി പ്രതികരിച്ചു.

‘മഞ്ജുവാര്യര്‍ ആത്മാവില്‍ തൊട്ടെഴുതിയ കുറിപ്പ് വായിച്ചു. വായിക്കുന്നവരുടെ ആത്മാവിലേക്കിറക്കുന്ന സത്യസന്ധമായ വരികള്‍. നീലാകാശത്തിന്റെ നിറമുള്ള വാതിലും അതിനപ്പുറത്ത് നിന്നുയരുന്ന ചിലങ്കയുടെ ശബ്ദവും മോഹിപ്പിച്ച കുട്ടിക്കാലത്തെക്കുറിച്ച് അവര്‍ എഴുതുമ്പോള്‍ ഓര്‍മകള്‍ക്കൊപ്പം കവിത കിനിയുന്നതുപോലെ,’ മന്ത്രി കുറിച്ചു.

നാഗര്‍കോവിലിലെ പഴയ മാതര്‍ സംഘം, കുടുംബശ്രീ, രംഗശ്രീ എന്നിവയെ കുറിച്ച് പരാമര്‍ശിച്ചുള്ളതാണ് മഞ്ജുവാര്യരുടെ കുറിപ്പ്. കുറിപ്പില്‍ മഞ്ജുവാര്യര്‍ ചൂണ്ടിക്കാട്ടിയ രംഗശ്രീ ഇപ്പോഴുമുണ്ടെന്നും എം.ബി. രാജേഷ് പറയുന്നു.

എന്നിടം എന്ന പേരില്‍ ഓരോ എ.ഡി.എസിലും ഒത്തുചേരാനൊരു കേന്ദ്രവും അവിടെ ഓരോ മാസവും ചേരുന്ന സാംസ്‌ക്കാരിക കൂട്ടായ്മകളുമുണ്ട്. അരങ്ങ് എന്ന പേരില്‍ ഓരോ വര്‍ഷവും സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ കലോത്സവം എന്നിങ്ങനെ പെണ്‍ജീവിതത്തിന്റെ ആവിഷ്‌ക്കാരങ്ങള്‍ക്കായി നിരവധി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് കുടുംബശ്രീ പ്രസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

‘അടുക്കളയില്‍ ഒതുങ്ങിനില്‍ക്കാതെ അവനവന്റെ ഉള്ളിലെ അരങ്ങുകള്‍ കണ്ടെത്തിയ കുറെ സ്ത്രീകളുടെ കൂട്ടായ്മയായിരുന്നു മാതര്‍സംഘം. അവരില്‍ ഞാന്‍ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം, എല്ലാവരും തല ഉയര്‍ത്തിയായിരുന്നു നടന്നിരുന്നത് എന്നായിരുന്നു,’ മഞ്ജുവാര്യര്‍ മാതര്‍സംഘത്തെ കുറിച്ച് കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.

മാതര്‍സംഘത്തില്‍ ‘മുകള്‍ നിലയില്‍ നിന്നുള്ള കാഴ്ചപോലെ ഞാന്‍ ഉയരത്തില്‍, നീ താഴത്ത് എന്ന ഭാവവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അതൊരു മാവേലിനാടോ. സമ്പൂര്‍ണ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കോ ഒക്കെയായിരുന്നു,’ എന്നും മഞ്ജുവാര്യര്‍ കുറിപ്പില്‍ പറയുന്നുണ്ട്.

ഇതിനോട് പ്രതികരിച്ച മന്ത്രി എം.ബി. രാജേഷ്, കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതത്തെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കാക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി. കൂടാതെ തൃത്താലയില്‍ ‘അതിജീവനത്തിന്റെ പെണ്‍വായന’ എന്ന പേരില്‍ സ്ത്രീകള്‍ക്കിടയില്‍ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയിലേക്ക് മഞ്ജുവാര്യരെ ക്ഷണിക്കുകയും ചെയ്തു.

Content Highlight: M.B. Rajesh thanks Manju Warrier for always maintaining a close relationship with Kudumbashree

We use cookies to give you the best possible experience. Learn more