| Friday, 18th February 2022, 11:21 am

ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; അതിമനോഹരിയായി മഞ്ജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മഞ്ജു വാര്യരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അതിമനോഹരമായി നൃത്തം ചെയ്യുന്ന മഞ്ജുവാണ് പോസ്റ്ററിലുള്ളത്.

സിനിമയുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഫ് കക്കോടിയാണ്  രചന. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്‌ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.

അതേസമയം, ചിത്രത്തില്‍ നടന്‍ പ്രഭുദേവയാണ് കൊറിയോഗ്രാഫി ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ബി.കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ പാടുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ.

കഴിഞ്ഞദിവസം കൂളിങ് ഗ്ലാസ് വെച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ ചിത്രം പുറത്തുവന്നിരുന്നു. ”എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും,” എന്നാണ് മഞ്ജു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ‘ആയിഷ’ യുടെ ലൊക്കേഷനില്‍ നിന്നുള്ളതായിരുന്നു ചിത്രം.

Latest Stories

We use cookies to give you the best possible experience. Learn more