| Sunday, 17th August 2025, 1:53 pm

മമ്മൂക്കയുടെ മുന്നില്‍ അന്ന് മര്യാദക്ക് അഭിനയിക്കാനായില്ല: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ – സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി സിനിമയില്‍ വര്‍ഷങ്ങളോളം ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ മഞ്ജു പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു തുടങ്ങി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന സീരിയലിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് മഞ്ജു പിള്ള. അദ്ദേഹം തന്റെ പ്രിയപ്പെട്ട നടനാണെന്നും താന്‍ മമ്മൂട്ടിയുടെ ഹാര്‍ട്ട് കോര്‍ ഫാനാണെന്നും നടി പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

‘മമ്മൂക്കയെ കുറിച്ച് ഞാന്‍ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ എനിക്ക് ഇനിയും സിനിമ ചെയ്യണമെന്നുണ്ട്. മമ്മൂക്കയുടെ കൂടെ മഴയെത്തും മുന്‍പേ മാത്രമാണ് ഞാന്‍ ചെയ്തത്. അല്ല, അതിനുമുമ്പ് എന്റെ ആദ്യ സിനിമയായ ഗോളാന്തര വാര്‍ത്ത ചെയ്തിട്ടുണ്ട്.

ഈ രണ്ട് സിനിമകളില്‍ അഭിനയിക്കുമ്പോഴും എനിക്ക് മമ്മൂക്കയോട് നല്ല പേടിയുണ്ടായിരുന്നു. ബഹുമാനം കാരണമുള്ള പേടിയായിരുന്നു അത്. അതുകൊണ്ട് എനിക്ക് അദ്ദേഹത്തിന് മുന്നില്‍ മര്യാദക്ക് അഭിനയിക്കാന്‍ സാധിച്ചിരുന്നില്ല,’ മഞ്ജു പിള്ള പറഞ്ഞു.

ഇനി മമ്മൂട്ടിയുടെ കൂടെ അടുത്തൊരു സിനിമ ചെയ്യുമ്പോള്‍ തനിക്ക് ഫ്രീ മൈന്‍ഡില്‍ ചെയ്യണമെന്നും നടി പറയുന്നുണ്ട്. ഇപ്പോള്‍ തനിക്ക് അദ്ദേഹവുമായി വളരെ നല്ലൊരു റിലേഷനാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

‘നല്ലൊരു വ്യക്തിയാണ് അദ്ദേഹം. മമ്മൂക്കയുമായി കൂടുതല്‍ അടുത്തതിന് ശേഷമാണ് അദ്ദേഹം എന്താണെന്ന് എനിക്ക് മനസിലാകുന്നത്. മമ്മൂക്ക നമ്മളോട് വളരെ കൂളായിട്ടാണ് സംസാരിക്കുന്നത്.

നമുക്ക് അദ്ദേഹത്തോട് പലപ്പോഴും വീട്ടിലുള്ള ഒരാളോട് എന്നത് പോലെ സംസാരിക്കാന്‍ സാധിക്കും. തിരിച്ചും അദ്ദേഹം നമ്മളോട് അങ്ങനെ തന്നെയാണ്. അതുകൊണ്ട് മമ്മൂക്കയുടെ കൂടെ എനിക്ക് ഒരു സിനിമ കൂടി ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ മഞ്ജു പിള്ള പറയുന്നു.


Content Highlight: Manju Pillai Talks About Mammootty

Latest Stories

We use cookies to give you the best possible experience. Learn more