| Sunday, 12th July 2026, 12:57 pm

അങ്ങോട്ട് വിളിച്ച് ചാൻസ് ചോദിക്കാൻ എനിക്ക് വലിയ ചമ്മലാണ്, ഇതുവരെ ചോദിച്ചിട്ടുമില്ല: മഞ്ജു പിള്ള

നന്ദന. ടി

ടെലിവിഷൻ പരമ്പരകളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മഞ്ജു പിള്ള. ഒരു ഇടവേളയ്ക്ക് ശേഷം, റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇതിനു പിന്നാലെ പുറത്തിറങ്ങിയ ഫാലിമി എന്ന ചിത്രത്തിലെ അമ്മ വേഷവും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മഞ്ജു പിള്ള.photo.screen grab/youtube

തന്റേതായ അഭിനയശൈലിയിലൂടെ മലയാള സിനിമയിലെ മുൻനിര ക്യാരക്ടർ ആർട്ടിസ്റ്റുകളിലേക്ക് ഉയരാൻ മഞ്ജു പിള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മാസം 24-ന് തിയേറ്ററുകളിൽ എത്തുന്ന, എം.എ. നിഷാദ് സംവിധാനം നിർവഹിച്ച, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ലർക്ക് ആണ് മഞ്ജുവിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

‘എല്ലാം ദൈവമായിട്ട് കൊണ്ടുതരുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ സിനിമയിൽ സജീവമാകാൻ ഇരിക്കുന്ന സമയത്തായിരുന്നു എന്റെ മകൾ ജനിക്കുന്നത്. അപ്പോൾ മകളെ മറ്റാരെയെങ്കിലും ഏൽപ്പിച്ച് പോകാൻ താത്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ വർക്കുകൾ കുറച്ചു. ആ സമയത്താണ് മഴവിൽ മനോരമയിൽ കെ.പി.എ.സി ലളിത ചേച്ചിയുമായി ചേർന്ന് തട്ടീം മുട്ടീം എന്ന പരിപാടി ചെയ്യുന്നത്. അത് ഒരു ഓഫീസിൽ പോകുന്നതു പോലെയായിരുന്നു, രാവിലെ എട്ട് മണിക്ക് പോയാൽ വൈകിട്ട് ഒരു ആറ് മണിയാകുമ്പോഴേക്കും എനിക്ക് വീട്ടിൽ വരാം, മകളുടെ കാര്യങ്ങൾ നോക്കാം. അങ്ങനെ ഒരു ജീവിതരീതിയിലായിരുന്നു കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നത്.

അത് കഴിഞ്ഞ് മകൾ വലുതായി പ്ലസ് ടു ഒക്കെ എത്തിയപ്പോൾ അവൾ തന്നെയാണ് എന്നോട് ചോദിച്ചത്, ‘ഇനി എന്തിനാണ് അമ്മ വീട്ടിൽ ഇരിക്കുന്നത്’ എന്ന്. കാരണം അപ്പോഴേക്കും സിനിമയിൽ ഒരു വലിയ ഗ്യാപ്പ് വന്നിട്ടുണ്ടായിരുന്നു. വെള്ളിമൂങ്ങ പോലുള്ള നല്ല സിനിമകൾ ഞാൻ വേണ്ടെന്നുവെച്ചത് മോൾക്ക് വേണ്ടിയായിരുന്നു

എനിക്കാണെങ്കിൽ ഒരു സ്ഥലത്തും പോയി ചാൻസ് ചോദിക്കുന്ന ശീലമില്ല. അങ്ങോട്ട് വിളിച്ച് ‘ഈ റോൾ എനിക്ക് തരുമോ’ എന്ന് ചോദിക്കുന്നത് എനിക്ക് വലിയ ചമ്മലാണ്. ഞാൻ ഇതുവരെ ആരോടും അങ്ങനെ ചോദിച്ചിട്ടില്ല. അങ്ങനെ ഞാൻ കാത്തിരിക്കുമ്പോഴാണ് ഹോം എന്ന സിനിമ വരുന്നത്. ആ സമയത്ത് കൊവിഡ് ആയിരുന്നു. തിയേറ്ററുകളിൽ നിന്നും നേരെ ഒ.ടി.ടി യിൽ എത്തിയപ്പോൾ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയമായി മാറി. അങ്ങനെ മഞ്ജു വീണ്ടും സജീവമായി അഭിനയിക്കുന്നു എന്നറിഞ്ഞ് സിനിമയിൽ എനിക്ക് വീണ്ടും നല്ല വേഷങ്ങൾ വന്നു തുടങ്ങി. ആ സമയത്താണ് മഴവിൽ മനോരമയിൽ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ഷോ കിട്ടുന്നത്. അത് എന്നെ മാനസികമായും സാമ്പത്തികമായും കൂടുതൽ സ്റ്റേബിൾ ആക്കി.

ഇപ്പോൾ എല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ പറ്റുന്നുണ്ട്, നല്ല കഥാപാത്രങ്ങളും വരുന്നുണ്ട്. സിനിമയെ ഒരിക്കലും ഒരു ടൈം മാനേജ്‌മെന്റ് രീതിയിൽ കാണാൻ പറ്റില്ല. കാരണം, ‘ഈ സമയം ആകുമ്പോൾ അഭിനയിക്കാം, അതുവരെ കുറച്ചുകാലം ഇടവേള എടുക്കാം’ എന്ന് വിചാരിക്കാൻ കഴിയില്ല. അങ്ങനെ ഇരുന്നാൽ ആളുകൾ നമ്മളെ മറന്നുപോകും. അതുകൊണ്ട് അങ്ങനെയൊന്നും മാനേജ് ചെയ്യാൻ പറ്റുന്ന ഒരു മേഖലയല്ല സിനിമ,’ മഞ്ജു പിള്ള പറയുന്നു.

മഞ്ജു പിള്ള.photo.Facebook

Content Highlight: Manju pillai talks about her break and re entry into the cinema
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more