| Sunday, 14th September 2025, 7:54 pm

എല്ലാ കഥാപാത്രങ്ങളും സുകുമാരിയമ്മ ചെയ്തിട്ടുണ്ട്, റഫറൻസ് എടുക്കാൻ മാത്രമാണ് ഇനി പറ്റുക: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്ര രംഗത്ത് 60 വർഷത്തിലേറെ അഭിനയിച്ച അപൂർവം ചില അഭിനേത്രികളിൽ ഒരാളാണ് സുകുമാരി. പത്താം വയസ് മുതൽ അഭിനയിച്ചുതുടങ്ങിയ സുകുമാരി 2000ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് അഭിനയിച്ചിരുന്നത്.

രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും സുകുമാരി സ്വന്തമാക്കിയിട്ടുണ്ട്. 2013 മാർച്ച് 26ന് ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസിലാണ് സുകുമാരി വിട വാങ്ങിയത്. സുകുമാരിയെ എല്ലാവരും ബഹുമാനപൂർവ്വം സുകുമാരിയമ്മ എന്നാണ് വിളിച്ചിരുന്നത്.

സുകുമാരിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് മഞ്ജു പിള്ള. മഴയെത്തും മുൻപേ, ​ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നീ സിനിമകൾ അവയിൽ ചിലത് മാത്രം. ഇപ്പോൾ നടി സുകുമാരിയെ ഓർക്കുകയാണ് നടി മഞ്ജു പിള്ള.

‘മലയാള സിനിമ അല്ലെങ്കിൽ ഇന്ത്യൻ സിനിമ കണ്ട പ്രഗത്ഭരായ നടിമാരിലൊരാളാണ് സുകുമാരിയമ്മ. ഞാനൊക്കെ ഓരോ ക്യാരക്ടേഴ്‌സ് വരുമ്പോഴും റഫറൻസ് എടുക്കുന്നത് സുകുമാരിയമ്മയെയും ലളിതാമ്മയെയും പോലുള്ള ആളുകൾ പെർഫോം ചെയ്ത ക്യാരക്ടേഴ്‌സ് ആണ്. അവരൊന്നും ബാക്കി വെച്ചിട്ടില്ല ചെയ്യാൻ,’ മഞ്ജു പിള്ള പറയുന്നു.

എല്ലാ കഥാപാത്രങ്ങളും സുകുമാരി ചെയ്തിട്ടുണ്ടെന്നും ഇനി റഫറൻസ് എടുക്കുകയെ നിവർത്തിയുള്ളുവെന്നും മഞ്ജു പിള്ള പറയുന്നു. സെറ്റിൽ വന്നാൽ ഭക്ഷണങ്ങളൊക്കെ നിരത്തി വെക്കുമെന്നും എല്ലാവരെയും വിളിക്കുമെന്നും നടി പറയുന്നു.

ഭക്ഷണം എടുത്ത് തരുന്നതും വിളമ്പി തരുന്നതുമൊക്കെ സുകുമാരിയുടെ കൈകൊണ്ട് തന്നെയാണെന്നും അതൊക്കെ സന്തോഷമായിരുന്നു സുകുമാരിക്കെന്നും നടി ഓർക്കുന്നു.സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ് സുകുമാരിയെന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.

Content Highlight: Manju Pillai Remembering Sukumari

We use cookies to give you the best possible experience. Learn more