| Sunday, 15th February 2026, 9:48 pm

സായ്പല്ലവി ചെയ്യുന്നത് കാണുമ്പോള്‍ അത്തരം കഥാപാത്രം കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നും: മഞ്ജിമ മോഹന്‍

ഐറിന്‍ മരിയ ആന്റണി

ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജിമ മോഹന്‍. മമ്മൂട്ടി ചിത്രമായ കളിയൂഞ്ഞാലില്‍ ശാലിനിയുടെ ചെറുപ്പം അവതരിപ്പിച്ച് കൊണ്ട് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടി പിന്നീട് മധുരനൊമ്പരക്കാറ്റ്, പ്രിയം, സുന്ദരപുരുഷന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.

നിവിന്‍ പോളി ചിത്രം വടക്കന്‍ സെല്‍ഫിയിലൂടെയാണ് മഞ്ജിമ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച നടി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടമൈയട എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു. സുഴല്‍ 2 എന്ന വെബ് സീരിസില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രം വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

സീരീസില്‍ നാഗമ്മ എന്ന കഥാപാത്രമായാണ് നടി എത്തിയത്. എട്ട് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2022 ജൂണ്‍ 17 ന് പുറത്തിറങ്ങി. രണ്ടാം സീസണ്‍ 2025ലാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇനി എങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം.

‘രണ്ട് വര്‍ഷത്തിലൊരിക്കല്‍ സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. ഒ.ടി.ടിയില്‍ ധാാളം സിനിമകള്‍ വരുന്നു. അതിനായി എടുക്കുന്ന സിനിമകളില്‍ ഒട്ടേറെപ്പേര്‍ നന്നായി അഭിനയിക്കുന്നുണ്ട്. അതൊക്കെ കാണുമ്പോള്‍ ആവറേജായ ക്യാരക്ടര്‍ ചെയ്യരുത് എന്ന് തോന്നുന്നു. നല്ല ക്യാരക്ടറുകള്‍ ചെയ്യണം എന്നാണ് തീരുമാനം.

എല്ലാവര്‍ക്കും അങ്ങനെ കിട്ടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും എനിക്ക് കിട്ടുമെന്ന് വിശ്വസിക്കുന്നു. ഒ.ടി.ടിയെ സംബന്ധിച്ചിടത്തോളം ധാരാളം അവസരങ്ങളുണ്ട്. ജ്യോതിക, സായ്പല്ലവി, നിമിഷാ സജയന്‍ പോലുള്ളവര്‍ ചെയ്യുന്ന ക്യാരക്ടറുകള്‍ കാണുമ്പോള്‍, അത്തരം കഥാപാത്രങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്ന് തോന്നും,’ മഞ്ജിമ പറയുന്നു.

കോവിഡിനുശേഷം സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും മുമ്പ് ഒരു സിനിമ റിലീസായാല്‍ തിയേറ്ററുകളില്‍ ആഘോഷമായിരുന്നു, ഇപ്പോള്‍ ആ ആവേശം കുറച്ചു കുറഞ്ഞിട്ടുണ്ടെന്നും നടി പറയുന്നു.

ചില കൊമേഴ്ഷ്യല്‍ സിനിമകള്‍, വലിയ ഹീറോസിന്റെ സിനിമകള്‍ക്ക് മാത്രമേ 90% തിരക്ക് അനുഭവപ്പെടാറുള്ളതെന്നും ഉള്ളടക്കം നല്ലതാണെങ്കില്‍ ആ സിനിമ കാണാന്‍ പ്രേക്ഷകര്‍ അന്വേഷിച്ച് എത്തുന്നുണ്ടെന്നും മഞ്ജിമ കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളി നായകനായെത്തിയ മിഖായേലാണ് മഞ്ജിമയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ മലയാള ചിത്രം. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 2019ലാണ് പുറത്തിറങ്ങിയത്.

Content Highlight: Manjima Mohan says what kind of films she does

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more