| Tuesday, 23rd December 2025, 10:14 am

സാമാന്യ മര്യാദ പോലും കാണിച്ചില്ല; ജില്ലാ കലക്ടര്‍ക്കെതിരെ മഞ്ചേശ്വരം എം.എല്‍.എയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ക്കെതിരെ പരാതിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്റഫ്. കുമ്പള ടോള്‍ ബൂത്തുമായി ബന്ധപ്പെട്ട ചര്‍ച്ചക്കെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് എം.എല്‍.എ പരാതി നല്‍കിയത്. തന്റെ ഗണ്‍മാനെ ഉപയോഗിച്ച് സമരസമിതി നേതാക്കളെ കളക്ടര്‍ പുറത്താക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

കളക്ടര്‍ ടോള്‍പിരിവിന് അനുകൂലമായി നിലപാടെടുക്കുകയാണെന്നും ആരോപണമുണ്ട്.

‘എം.എല്‍.എ അടക്കമുള്ള യോഗത്തിനിടെ, അപ്രതീക്ഷിതമായി പൊലീസിനെ വിളിക്കൂ… അറസ്റ്റ് ചെയ്യൂ എന്നെല്ലാം പറയുന്ന ഒരു കളക്ടറെ ആദ്യമായി കാണുകയാണ്,’ എ.കെ.എം. അഷ്റഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. സാമാന്യ മര്യാദ പോലും നല്‍കാതെ കളക്ടര്‍ തങ്ങളെ അപമാനിച്ചതായും അഷ്റഫ് ആരോപിച്ചു.

ദേശീയ പാതയില്‍ തലപ്പാടിയിലായി ഒരു ടോള്‍ഗേറ്റ് ഉണ്ടായിരിക്കെ 22 കിലോമീറ്റര്‍ ദൂരത്തില്‍ കുമ്പളയില്‍ മറ്റൊരു ടോള്‍ഗേറ്റ് കൂടി ആരംഭിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെയും കുത്തക കമ്പനികളുടേയും താത്പര്യങ്ങളെ, ജില്ലയിലെ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയും ശക്തമായ സമരങ്ങള്‍ നടത്തുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കം തത്ക്കാലം നീളുകയാണെന്ന് എം.എല്‍.എ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇതുസംബന്ധിച്ച യോഗത്തില്‍ കളക്ടറുടെ പൊതു ജനവിരുദ്ധക്കും കുത്തക താത്പര്യത്തിനുമെതിരെ സംശയത്തോടെ പ്രതികരിച്ച താനടക്കമുള്ള ജനപ്രതിനിധികളോടും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളോടും കളക്ടര്‍ നടത്തിയ പെരുമാറ്റം ന്യായീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും 22 കിലോമീറ്ററില്‍ രണ്ട് ടോള്‍ പിരിക്കാനുള്ള ജനവിരുദ്ധ നീക്കങ്ങളെ ജനകീയ പ്രക്ഷോഭത്തിലൂടെയും നിയപരമായും എതിര്‍ക്കുമെന്നും എം.എല്‍.എ പ്രതികരിച്ചു.

Content Highlight: Manjeswaram MLA AKM Ashraf files complaint against Kasargode District Collector

We use cookies to give you the best possible experience. Learn more