സിനിമാ അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. അവസരം ചോദിച്ച് താൻ ശ്രീകുമാർ തമ്പിയെ കാണാൻ പോയിരുന്നുവെന്നും എന്നാൽ അദ്ദേഹം തന്നെ കളിയാക്കി തിരിച്ചയച്ചെന്നും മണിയൻപിള്ള രാജു പറയുന്നു.
‘അഡയാറിൽ പഠിക്കുമ്പോഴേ സിനിമയിൽ ചാൻസ് നോക്കി നടക്കുന്നുണ്ടായിരുന്നു. അക്കാലത്ത് മല്ലികാ സുകുമാരൻ മദ്രാസിലുണ്ട്. മല്ലിക സ്‌കൂളിൽ എന്റെ സഹപാഠിയായിരുന്നു. ഒരു ദിവസം കണ്ടപ്പോൾ മല്ലിക പറഞ്ഞു ,’ശ്രീകുമാരൻ തമ്പി സാർ ഒരു പടം തുടങ്ങുന്നുണ്ട്. ഒന്ന് വിളിച്ചുനോക്ക്’ എന്ന്.
തമ്പി സാർ ചെന്നൈയിൽ തന്നെയുണ്ട്. ഞാൻ പോയി കണ്ടു. ആദ്യം അദ്ദേഹം എന്നെ നിരുത്സാഹ പ്പെടുത്തി. ‘ഇയാളുടെ വീട്ടിൽ കണ്ണാടിയില്ലേ. പ്രേംനസീറും അടൂർഭാസിയും തിളങ്ങിനിൽക്കുന്ന ഇക്കാലത്ത് ഇയാൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല’ എന്നൊക്കെ പറഞ്ഞു. എങ്കിലും അദ്ദേഹം എന്റെ കൈയിൽ നിന്ന് നമ്പർ വാങ്ങി, വിളിക്കാമെന്നും പറഞ്ഞു,’ മണിയൻപിള്ള രാജു പറയുന്നു.
താൻ മുറിയിൽ തിരിച്ചെത്തി കുറച്ചുകഴിഞ്ഞ് ഹോട്ടലിലേക്ക് ഒരു ഫോൺ വന്നെന്നും അതെടുത്തപ്പോൾ, ‘സുധീർകുമാറാണോ ? നാളെ ‘മോഹിനിയാട്ട’ത്തിന്റെ ഷൂട്ട് ഉണ്ട്. തനിക്കൊരു സീനുണ്ട്. ചെയ്യാൻ സമ്മതമാണോ ?’ എന്ന് ചോദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അപ്പോൾ തന്നെ ഓക്കെ പറഞ്ഞുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.
‘കുറേ നാൾ കഴിഞ്ഞ് ഞാൻ സാറിനോട് സിനിമയിലേക്ക് വിളിച്ചതിനെപ്പറ്റി ചോദിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അന്ന് നീ മടങ്ങിയപ്പോൾ, എന്റെ ഭാര്യ മുകൾനിലയിലെ കർട്ടൺ മാറ്റി നോക്കി. അപ്പോൾ നീ ബസ് സ്റ്റാൻഡിൽനിന്ന് കരയുന്നത് കണ്ടു. നിങ്ങൾ ക്രൂരതയാണ് ചെയ്തതെന്ന് ഭാര്യ പറഞ്ഞു. അവൻ ഹോട്ടലിലേക്കല്ല, ഏതെങ്കിലും റെയിൽവേ ട്രാക്കിലേക്കാകും പോകുക. രണ്ട് കൊല്ലം പഠിച്ച് സ്വപ്നത്തോടെ വന്നതല്ലേ എന്നൊക്കെ പറഞ്ഞു. അതുകൊണ്ട് താൻ ചാകാതിരിക്കാൻ വേണ്ടി എഴുതിയുണ്ടാക്കിയ സീനാണ്. പടത്തിൽ അങ്ങനെയൊരു സീനൊന്നുമില്ലായിരുന്നു’ എന്ന്,’ മണിയൻപിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju Talks About Sreekumarn Thambi