| Monday, 23rd March 2026, 8:21 am

മോഹൻലാൽ ഇല്ലെന്നേയുള്ളു, ഇതൊരു വലിയ ചിത്രമാണ്; കേരളത്തിലെ പല രാഷ്ട്രീയ സംഭവങ്ങളും ഉൾപ്പെടുന്ന സിനിമ: മണിയൻപിള്ള രാജു

നന്ദന എം.സി

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് ‘പ്രതിച്ഛായ’. ഇതുവരെ കണ്ട താരത്തിന്റെ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ചിത്രമെന്നത് പോസ്റ്റർ വ്യക്തമാക്കുന്നു.

നിവിൻ പോളിക്കൊപ്പം ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉണ്ണികൃഷ്ണൻ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ സിനിമയാണിത്, അതുപോലെ തന്നെ ഏറ്റവും നല്ല ചിത്രവുമാണ്. ഞാൻ അവസാനം ഷൂട്ടിങ് കഴിഞ്ഞ് പോകുന്നതിന് മുമ്പ് തന്നെ അത് പറഞ്ഞിരുന്നു. എല്ലാവർക്കും പെട്ടെന്ന് സിനിമയിലെ സെൻസ് ഐഡന്റിഫൈ ചെയ്യാൻ കഴിയും.

പ്രതിച്ഛായ, Photo: Cinima Express

കേരളത്തിൽ വർഷങ്ങളായി നമ്മൾ കാണുന്ന സംഭവങ്ങൾ തന്നെയാണ് ഇതിൽ ഉള്ളത്. സ്ട്രെയിറ്റ് ഫോർവേഡ് സിനിമയാണ്, അല്ലാതെ കാട്ടികൂട്ടലുകളോ കള്ളത്തരങ്ങളോ ഒന്നുമില്ല. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം വ്യത്യാസമുണ്ടെന്നേയുള്ളു.

എനിക്ക് ഏറ്റവും സന്തോഷമുള്ളത് ബാലചന്ദ്ര മേനോൻ അഭിനയിക്കുന്നതിലാണ്. ഞാനും അദ്ദേഹവും ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ഒരാളായിട്ടാണ് ഞാൻ എത്തുന്നത്. അതുപോലെ തന്നെയാണ് നിവിന്റെ കഥാപാത്രം, ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

വളരെ മെച്യുർഡ് കഥാപാത്രമാണ്. വളരെ നന്നായി തന്നെയാണ് നിവിൻ ചെയ്തത്. ഡയലോഗ് ഡെലിവറിയായാലും ബോഡി ലാംഗ്വേജ് ആയാലും അത് മനസിലാകും.

പ്രതിച്ഛായ, Photo: Nivin Pauly/ Facebook

ചിത്രത്തിന്റെ പോസ്റ്ററുകൾ കണ്ടാൽ തന്നെ മനസിലാകും, ‘സർവ്വം മായയിൽ’ കണ്ട നിവിനല്ല ഇത്. ഒരു വലിയ ആക്ടർ എന്ന നിലയിൽ ഒരു മൈൽസ്റ്റോൺ ആണിത്. ഇതിലെ എന്റെ കഥാപാത്രം മുഖ്യമന്ത്രിയുടെ വിശ്വസ്തനായിട്ടാണ്. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ എനിക്ക് ലഭിക്കുന്നത് എന്റെ ഭാഗ്യമെന്നാണ് ഞാൻ കരുതുന്നത്.

ചില സീനുകൾ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് സംവിധായകൻ പറയാറുണ്ട്, കാരണം അദ്ദേഹത്തിന്റെ മനസിൽ എല്ലാ കഥാപാത്രങ്ങൾക്കും ഒരു വ്യക്തമായ രൂപമുണ്ട്. നല്ലൊരു സിനിമയാണ്. മോഹൻലാൽ ഇല്ലെന്നേയുള്ളു, വലിയൊരു സിനിമയാണ് പ്രതിച്ഛായ,’ മണിയൻപിള്ള രാജു പറഞ്ഞു.

വ്യാജ നിർമിതികൾ മൂലം ഒരാളുടെ പ്രതിഛായ നഷ്ടപ്പെടുമ്പോൾ അത് അയാളുടെ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്ന പ്രമേയവുമായാണ് നിവിൻ പോളിയുടെ പുതിയ ചിത്രം ‘പ്രതിഛായ’ എത്തുന്നത്. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാർച്ച് 26ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Content Highlight: Maniyanpilla raju talk about the movie Prathichaya

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more