| Saturday, 30th August 2025, 4:16 pm

തൊണ്ണൂറ് വയസുകാരന്റെ റോളില്‍ മോഹന്‍ലാല്‍ അന്ന് അഭിനയിച്ചു; ഞാന്‍ തന്നെ മേക്കപ്പും ചെയ്തു: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ സജീവമാണ് അദ്ദേഹം. മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ഇന്‍ഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ്.

സ്‌കൂള്‍ കാലഘട്ടത്തില്‍ മോഹന്‍ലാലിനെ ആദ്യമായി അഭിനയിപ്പിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. അന്നത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ മണിയന്‍പിള്ള രാജു. വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്തുകൊണ്ട് സെയ്ന്റ് സേവ്യേഴ്‌സില്‍ അഡ്മിഷന്‍ കിട്ടിയിട്ടും അവിടേക്ക് താന്‍ പോയില്ലെന്ന് അദ്ദേഹം പറയുന്നു.

‘ ഞാന്‍ അങ്ങനെ വിക്ടറി എന്ന പ്രൈവറ്റ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. അവിടെ പഠിക്കുമ്പോള്‍ ഒരിക്കല്‍ ആറാം ക്ലാസുകാരായ കുറച്ച് കുട്ടികള്‍ വന്ന് നാടകത്തില്‍ അഭിനയിക്കാനുള്ള മോഹം പറഞ്ഞു. ഞാനും ഓക്കെ പറഞ്ഞു. അക്കാലത്ത് ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ച വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ‘കമ്പ്യൂട്ടര്‍ ബോയ്’ എന്ന നാടകം ചെയ്യാന്‍ തീരുമാനിച്ചു.

കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും താന്‍ വേഷം നല്‍കിയെന്നും തന്റെ വീട്ടില്‍ വെച്ചായിരുന്നു റിഹേഴ്‌സല്‍ നടത്തിയതെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ യൂത്ത്ഫെസ്റ്റിവലില്‍ പത്താം ക്ലാസ്സുകാര്‍ക്കാണ് എപ്പോഴും മുന്‍ഗണനയെന്നും സമ്മാനങ്ങളും അവര്‍ക്ക് കിട്ടുമെന്നും നടന്‍ മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

‘പക്ഷെ, ഈ നാടകത്തിന് ഒന്നാം സ്ഥാനവും ബെസ്റ്റ് ആക്ടറിനുള്ള അവാര്‍ഡും കിട്ടി. അന്ന് ബെസ്റ്റ് ആക്ടറായത് മോഹന്‍ലാലായിരുന്നു. തൊണ്ണൂറ് വയസുകാരന്റെ റോളായിരുന്നു മോഹന്‍ലാല്‍ ചെയ്തത്. ഞാന്‍ തന്നെയായിരുന്നു മേക്കപ്പും,’ മണിയന്‍പിള്ള രാജു പറഞ്ഞു.

അഭിനയത്തോടുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും ആ യാത്രയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. താന്‍ അഭിനയത്തിന് പിറകെയാണെന്ന് വീട്ടുകാര്‍ക്ക് മനസിലായി തുടങ്ങിയപ്പോഴേക്കും വീട്ടില്‍ നിന്ന് പിന്തുണ കിട്ടിത്തുടങ്ങിയെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

‘ആദ്യം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിമുഖത്തിന് പോയി. പക്ഷെ, കിട്ടിയില്ല. സൂര്യ കൃഷ്ണമൂര്‍ത്തി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ അമ്മയുടെ അകന്ന ബന്ധുവാണ് അന്ന് അഡയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ അച്ഛന്‍ തന്ന കത്തുമായി ഞാന്‍ അവിടെ ചെന്നു.

അവര്‍ അഭിമുഖത്തിന് വിളിച്ചു. സംവിധായകന്‍ കെ. ബാലചന്ദറും തമിഴ് നടി എം.എന്‍.രാജവും ആയിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍. അവര്‍ ഒരു മോണോ ആക്ട് അവതരിപ്പിക്കാന്‍ പറഞ്ഞു. അവര്‍ക്ക് ഇഷ്ടമായി. സെലക്ട് ചെയ്തു. സ്‌ക്രീന്‍ ടെസ്റ്റും പാസായി. അഡ്മിഷന്‍ കിട്ടി,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju shares memories of making Mohanlal act in a play during his school days

We use cookies to give you the best possible experience. Learn more