| Tuesday, 7th April 2026, 3:00 pm

‘ഈ അലവലാതിയെ ആണോ കെട്ടാൻ പോകുന്നത്', മോഹൻലാലിനെ തൂക്കിക്കൊല്ലാൻ കാരണമായവന് പെണ്ണില്ലെന്ന് പറഞ്ഞു: മണിയൻ പിള്ള രാജു

നന്ദന എം.സി

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യനടനും നിർമാതാവുമായ മണിയൻപിള്ള രാജു വീണ്ടും ശ്രദ്ധ നേടുകയാണ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും, വ്യത്യസ്ത വില്ലൻ വേഷങ്ങളിലൂടെ അഭിനയ വൈവിധ്യം തെളിയിച്ചും വർഷങ്ങളായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരം, ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘വൺ ടു ടോക്സ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഈ അനുഭവം പങ്കുവെച്ചത്.

മണിയൻ പിള്ള രാജു, Photo: Maniyan pilla raju/ Facebook

‘അറിയാത്ത വീഥികൾ എന്ന ചിത്രത്തിൽ എന്റെ വീട്ടിലെ ഡ്രൈവർ ആണ് മോഹൻലാൽ. അപ്പോൾ ഞാൻ എന്റെ വീടിന്റെ അപ്പുറത്തുള്ള സ്ത്രീയെ കയറി പിടിക്കാൻ ശ്രമിക്കുന്നു. ആ സമയം മോഹൻലാൽ അങ്ങോട്ട് വരുന്നു. അവിടെ ചെറിയ ഒരു അടി നടക്കുന്നു. ആ അടിയിൽ ഞാൻ ആ സ്ത്രീയുടെ വായ പൊത്തുകയും അവൾ മരിക്കുകയും ചെയ്യുന്നു.

എന്നാൽ ആ കുറ്റം മോഹൻലാലിന്റെ തലയിലാകുകയും ക്ലൈമാക്സിൽ മോഹൻലാലിനെ കൊലക്കുറ്റത്തിന് വിധിക്കുകയും ചെയ്യുന്നു. പിന്നെ എന്റെ ലൈഫ് തകർന്ന് പോകുകയാണ്. ഞാൻ വെള്ളമടിച്ചു നടക്കുകയും അവസാനം അച്ഛനോട് ‘അച്ഛാ, മോഹൻലാൽ അല്ല അങ്ങനെ ചെയ്തത്’ എന്ന് കുറ്റസമ്മതം നടത്തുകയും ചെയ്യുന്നു. അതാണ് ആ സിനിമയുടെ കഥ.

അറിയാത്ത വീഥികൾ, Photo: YouTube/ Screengrab

എന്നാൽ പിന്നെ എന്റെ യഥാർത്ഥ ജീവിതത്തിലേക്ക് വരുമ്പോൾ, ആ സമയം എനിക്ക് കല്യാണാലോചന നടക്കുന്ന സമയമാണ്. ആദ്യം സിനിമാ നടന് കെട്ടിച്ചുകൊടുക്കില്ല എന്നൊക്കെ അവളുടെ വീട്ടുകാർ പറഞ്ഞു. അവസാനം ‘എന്റെ ഒരു പടം കാണാം’ എന്ന തീരുമാനമായി. അങ്ങനെ അവർ ഈ അറിയാത്ത വീഥികൾ എന്ന സിനിമ പോയി കാണുകയാണ്.

ആ പടം തീർന്ന ഉടനെ ആ പെൺകുട്ടിയുടെ അച്ഛൻ, ‘ഈ അലവലാതിയെ ആണോ കെട്ടാൻ പോകുന്നത്? അവൻ കാരണമാണ് മോഹൻലാലിനെ തൂക്കികൊല്ലാൻ കാരണമായത്’ എന്ന് പറഞ്ഞു. അങ്ങനെ അവസാനം എന്തൊക്കെയോ പറഞ്ഞ് റെഡിയാക്കിയ ശേഷമാണ് എന്റെ കല്യാണം നടന്നത്,’ മണിയൻപിള്ള രാജു പറഞ്ഞു.

പ്രതിച്ഛായയാണ് താരത്തിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിച്ച ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽ.എൽ.പിയുമാണ് നിർമിച്ചത്.

വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഹരിശ്രീ അശോകൻ, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Maniyanpilla Raju shares an interesting experience in life

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more