| Thursday, 26th March 2026, 3:44 pm

കൃഷാന്ദും മോഹന്‍ലാലുമുള്ള സിനിമ ഈ വര്‍ഷം തുടങ്ങേണ്ടതായിരുന്നു, പക്ഷേ നടക്കാതെ പോയത് ആ ഒരു സിനിമ കാരണം: മണിയന്‍പിള്ള രാജു

അമര്‍നാഥ് എം.

നടനായും നിര്‍മാതാവായും മലയാളസിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ ആളാണ് മണിയന്‍പിള്ള രാജു. ബാലചന്ദ്രമേനോന്റെ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ കോമഡി റോളുകളില്‍ മാത്രം തിളങ്ങിയ മണിയന്‍പിള്ള രാജു പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റി.

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് മണിയന്‍പിള്ള രാജു. അടുത്ത സുഹൃത്തായിരുന്നിട്ട് കൂടി ഇരുവരും കുറേ കാലമായി ഒന്നിച്ച് അഭിനയിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ തുടരും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. ഇതിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ഒരു പ്രൊജക്ട് നിര്‍മിക്കുന്നുണ്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് ഈ പ്രൊജക്ടിനെക്കുറിച്ച് അധികം റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിരുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മാത്രമായിരുന്നു കൃഷന്ദ് അറിയിച്ചത്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. ചിത്രത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായിരുന്നെന്നും ഈ വര്‍ഷം ആദ്യം ഷൂട്ട് തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്തതായി പ്രൊഡ്യൂസ് ചെയ്യാനിരിക്കുന്നത് മോഹന്‍ലാലിന്റെ പടമാണ്. കൃഷാന്ദാണ് അതിന്റെ ഡയറക്ടര്‍. ഇക്കൊല്ലം മോഹന്‍ലാലിന്റെ ആദ്യത്തെ പടമായി ഇറക്കാന്‍ പ്ലാന്‍ ചെയ്ത സിനിമയായിരുന്നു അത്. പക്ഷേ, വേറൊരു സിനിമയില്‍ മോഹന്‍ലാലിന്റെ ക്യാരക്ടറുമായി സാമ്യമുള്ള ഒരു കഥാപാത്രത്തെ വേറൊരു സിനിമയില്‍ കണ്ടു.

അതുകൊണ്ട് കൃഷന്ദിന്റെ കഥയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. എഴുത്തിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റൈറ്റിങ് കംപ്ലീറ്റായിക്കഴിഞ്ഞാല്‍ വീണ്ടും ലാലുമായി ഡിസ്‌കഷന് ഇരിക്കും. അതിന് ശേഷമേ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാവുകയുള്ളൂ. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷം തന്നെ പ്രൊജക്ട് സ്റ്റാര്‍ട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ബാക്കി കാര്യങ്ങള്‍ വഴിയേ അറിയിക്കും.’ മണിയന്‍പിള്ള രാജു.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രതിഛായയാണ് മണിയന്‍പിള്ള രാജുവിന്റെ ഏറ്റവും പുതിയ ചിത്രം. നിവിന്‍ പോളി നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബാലചന്ദ്രമേനോന്‍, ഹരിശ്രീ അശോകന്‍, ഷറഫുദ്ദീന്‍, ആന്‍ അഗസ്റ്റിന്‍, സായ് കുമാര്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Maniyanpilla Raju about the project of Maohanlal and Krishand

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more