1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചയാളാണ് മണിയന്‍പിള്ള രാജു. 1981ല്‍ പുറത്തിറങ്ങിയ മണിയന്‍ പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തില്‍ വേഷമിട്ടതോടെ തന്റെ പേരിനൊപ്പം ചിത്രത്തിന്റെ ടൈറ്റിലും താരത്തിന് ലഭിക്കുകയായിരുന്നു. പിന്നീട് വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരം മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളിലൊരാള്‍ കൂടിയാണ്.
1985ല്‍ പുറത്തിറങ്ങിയ ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞ രാജു, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനന്തഭദ്രം, ഛോട്ടാമുംബൈ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് തന്റെ പ്രൊഡക്ഷനിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ പൃഥ്വിരാജിനെ സിനിമയിലേക്ക് റെക്കമെന്‍ഡ് ചെയ്തത് മണിയന്‍പിള്ള രാജുവായിരുന്നു.
നന്ദനം. Photo: The News Minute
താരത്തെ അവിചാരിതമായി കണാനിടയായതിനെ കുറിച്ചും പൃഥ്വിയുടെ ആദ്യ ചിത്രമായ നന്ദനത്തിലേക്ക് താരത്തെ സംവിധായകന്‍ രഞ്ജിത്തിന്റെ അടുത്ത് നിര്‍ദേശിച്ചതിനെ കുറിച്ചും മണിയന്‍ പിള്ള രാജു പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നത്. അടുത്തിടെ മാത്രഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ നിര്‍ദേശിച്ച ആളുകളില്‍ ഇപ്പോഴും എന്റെ കോള്‍ കണ്ടാല്‍ എടുക്കുകയും തിരിച്ച് വിളിക്കുകയും ചെയ്യുന്ന ആള്‍ പൃഥ്വിരാജാണ്. ഞാന്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് മുടി വെട്ടാന്‍ പോയപ്പോള്‍ ഒരു സുന്ദരന്‍ പയ്യന്‍ വന്ന് ചേട്ടാ എന്നെ മനസിലായില്ലേ എന്ന് ചോദിച്ചു. ചേട്ടന്‍ എന്നെ കുട്ടിക്കാലത്ത് എടുത്തോണ്ട് നടന്നിട്ടുണ്ട്, ഞാന്‍ പൃഥ്വിരാജാണ്, ഓസ്‌ട്രേലിയയില്‍ പഠിക്കുകയായിരുന്നു എന്നും പറഞ്ഞു. ഇപ്പോള്‍ എല്ലാം കഴിഞ്ഞ് വന്നിട്ട് മൂന്ന് നാല് ദിവസമായെന്നും പൃഥ്വി എന്നോട് പറഞ്ഞിരുന്നു. വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ എനിക്ക് സംവിധായകന്‍ രഞ്ജിത്തിന്റെ കോള്‍ വന്നു.
ഒരു ക്യാരക്ടറിനെ കുറിച്ച് പറഞ്ഞ ശേഷം ആ റോളിലേക്ക് ഒരു പയ്യനെ വേണമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ പൃഥ്വിരാജിന്റെ പേര് നിര്‍ദേശിച്ചു. അതിസുന്ദരനായ പയ്യനാണെന്നും ഹെര്‍ക്കുലീസിന്റെ കുട്ടിക്കാലം പോലെയാണെന്നുമാണ് രഞ്ജിത്തിനോട് പറഞ്ഞത്. അങ്ങനെ ഞാന്‍ മല്ലികയെ വിളിച്ചു. പിറ്റേ ദിവസം ട്രെയിനില്‍ കയറി പൃഥ്വി രഞ്ജിത്തിനെ കാണാന്‍ പോയി. അന്ന് വൈകുന്നേരം രഞ്ജിത്ത് എന്നെ വിളിച്ച് ഇനി വേറെ ആരെയും കാസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞ് എനിക്ക് നന്ദി പറഞ്ഞു.
അനന്തഭദ്രം. Photo: Facebook.com
അതായിരുന്നു പൃഥ്വരാജിന്റെ ആദ്യ പടം, നന്ദനം. ഞാന്‍ പൃഥ്വിരാജിനെ വെച്ച് രണ്ട് പടം മാത്രമേ ചെയ്തിട്ടുള്ളൂ. രണ്ട് പടവും സൂപ്പര്‍ ഹീറ്റാണ്. ഒന്ന് അനന്തഭദ്രം, നൂറ് ദിവസം ഓടിയ ചിത്രമാണ്. അതുപോലെ പാവാടയും സൂപ്പര്‍ ഹിറ്റായിരുന്നു. അതിന് ശേഷം താന്‍ പൃഥ്വിയുമായി ഒരു ചിത്രം ചെയ്തിട്ടില്ലെന്നും ഒരു സബ്‌ജെക്ടുമായി പോയാല്‍ അത് മോശമാണെങ്കില്‍ രാജു ചേട്ടന്‍ വെറുതെ പൈസ കളയണ്ട വേറൊരു നിര്‍മാതാവാണെങ്കില്‍ ഞാന്‍ ചെയ്‌തേനെ എന്നാണ് പൃഥ്വി പറയാറുള്ളത്,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyan Pilla Raju Shares his memory about recommending Prithviraj for his debut movie