| Sunday, 27th September 2026, 3:35 pm

ഒരു വശത്ത് തമിഴ് പ്രേക്ഷകരുടെ സൈബര്‍ അറ്റാക്ക്, മറുവശത്ത് ഡൊറോത്തിയെ പ്രശംസിച്ച് മണിരത്‌നമടക്കമുള്ള സീനിയര്‍ സംവിധായകര്‍

അശ്വിന്‍ രാജേന്ദ്രന്‍

തമിഴിലെ യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഡൊറോത്തി. സനന്ത്, റിഷികാന്ത്, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഹോമോസെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട കഥാപശ്ചാത്തലമുള്ള ചിത്രത്തിന് എന്നാല്‍ അപ്രതീക്ഷിതമായ പ്രതികരണങ്ങളാണ് ഭൂരിഭാഗം സിനിമാ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മലയാളമടക്കമുള്ള മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇത്തരം പ്രേമേയമുള്ള ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഡൊറോത്തിക്കെതിരെ തമിഴ് പ്രേക്ഷകരില്‍ നിന്നും തന്നെ വലിയ തോതിലുള്ള സൈബര്‍ അറ്റാക്ക് നടക്കുന്നത്.

ഒരുവശത്ത് ചിത്രം വലിയ നിരൂപകപ്രശംസ നേടുമ്പോഴും തമിഴ് സംസ്‌കാരത്തെ അപമാനിച്ചുവെന്നും ജനങ്ങള്‍ക്കിടയിലേക്ക് LGBTQ+ ആശയങ്ങള്‍ കുത്തിക്കയറ്റാനുള്ള ശ്രമമാണെന്നും പലരും ആരോപിക്കുന്നുണ്ട്. കേട്ടാലറക്കുന്ന വിധത്തിലുള്ള ഭാഷയിലാണ് പല സിനിമാ പേജുകളിലും ചിത്രത്തിനെതിരായ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

ഡൊറോത്തി. Photo: District

എന്നാല്‍ ചിത്രത്തെയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനെയും ഡൊറോത്തിയിലെ അഭിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് തമിഴിലെ സീനിയര്‍ സംവിധായകര്‍ രംഗത്തെത്തിയിരുന്നു. മണിരത്‌നം, വെട്രിമാരന്‍ തുടങ്ങിയവരാണ് ഡൊറോത്തിയ്ക്ക് പ്രശംസയറിയിച്ച് രംഗത്തെത്തിയത്.

‘തമിഴ് സിനിമയ്ക്ക് ലഭിച്ച സ്‌പെഷ്യല്‍ ടാലന്റാണ് കാര്‍ത്തിക് സുബ്ബരാജ്. തമിഴ് സിനിമയ്ക്ക് പ്രതീക്ഷയേകുന്ന ഒരുപാട് സംവിധായകരുണ്ട്. ആ കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള ആളാണ് കാര്‍ത്തിക് സുബ്ബരാജ്. ഡൊറോത്തി വളരെ സ്‌പെഷ്യലായിട്ടുള്ള ചിത്രമാണ്. ചിത്രത്തിന്റെ ഭാഷ വളരെ മികച്ചതാണ്. ചിത്രത്തിലെ ഷോട്ടുകളും ടെക്‌നിക്കുകളും ഗംഭീരമാണ്. അതിനോടൊപ്പം ഇളയരാജ സാറിന്റെ സംഗീതവും ചേരുമ്പോള്‍ അത് വളരെ സ്‌പെഷ്യലായി മാറുന്നു. ഞാന്‍ ഒരുപാട് ഹാപ്പിയാണ്,’ മണിരത്‌നം പറഞ്ഞു.

കാര്‍ത്തിക് സുബ്ബരാജ്. Photo: Wikipedia

ഇത്തരത്തിലൊരു കണ്ടന്റ് എടുത്ത് മെയിന്‍ സ്ട്രീമില്‍ ചിത്രം ചെയ്യണമെങ്കില്‍ ഒരുപാട് ധൈര്യം വേണമെന്നും അതിന് ഡൊറോത്തി ടീമിന് അഭിനന്ദനമറിയിക്കുന്നുവെന്നും വെട്രിമാരന്‍ പറഞ്ഞു. സാധാരണയായി ചെയ്യുന്ന രീതിയില്‍ നിന്നും മാറി ഒരു ത്രില്ലറായാണ് കാര്‍ത്തിക് ചിത്രത്തെ ഒരുക്കിയിരിക്കുന്നതെന്നും ഇത് പ്രേക്ഷകനെ ചിത്രത്തിലേക്ക് എന്‍ഗേജ് ചെയ്യിക്കുന്നുവെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Maniratnam and Vetrimaran congratulate Dorothy movie team

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more