ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ മെയ്തി ലിപുണ്‍ മേധാവി എം. പ്രമോദ് സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനുമാണ് കാങ്‌പോക്പി ജില്ലാ പൊലീസ് കേസെടുത്തിരിക്കുന്നത്.
കുകി സ്റ്റുഡന്‍ന്റ്‌സ് ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ എട്ടിനായിരുന്നു ആദ്യം എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്തത്. ജൂണ്‍ 13നായിരുന്നു കെ.എസ്.ഒ പരാതി നല്‍കിയിരുന്നത്. ഐ.പി.സി 120-ബി, 153-എ, 504, 505, 506, 34 എന്നിവ പ്രകാരം ജൂലൈ എട്ടിനാണ് എഫ്.ഐ.ആര്‍ ഇടുന്നത്.
മെയ്തി ലിപുണ്‍ മണിരപ്പൂരിലെ അക്രമത്തിന് പിന്നില്‍ കുകി വിഭാഗമാണെന്നാണ് ആരോപിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, മതം, ഭാഷ, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുക, സമാധാന ലംഘനം, സമാധാനപാലനത്തെ ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രമോദിനെതിരെ ചുമത്തിയിരിക്കുന്നത്.
കുകി വിഭാഗക്കാര്‍ മണിപ്പൂര്‍ സ്വദേശികളല്ലെന്നും പുറത്ത് നിന്ന് ഉള്ളവരാണെന്നും സിങ്ങ് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കെ.എസ്.ഒയുടെ പരാതിയില്‍ സിങ്ങിന്റെ ഈ പ്രസ്താവനയെ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം കുകി ഇന്‍പി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ മൂന്ന് പ്രകാരം പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
മെയ്തി വിഭാഗക്കാര്‍ ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതോടെയായിരുന്നു മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ ആക്രമണത്തില്‍ ഇതുവരെ 150 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 300ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlight: Manipur crisis: Police registered case against meithi lipun chief