ഇംഫാല്‍: മണിപ്പൂരില്‍ 2023ല്‍ നടന്ന വംശീയ കലാപത്തില്‍ കൂട്ടബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് രോഗബാധിതയായി മരിച്ച കുക്കി യുവതിക്ക് നീതി തേടി വിവിധ സംഘടനകള്‍.
മെയ്തി സമൂഹത്തോടൊപ്പം ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും കുക്കികള്‍ക്ക് പ്രത്യേക ഭരണകൂടം വേണമെന്നും കുക്കി ഗ്രൂപ്പികള്‍ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ ചുരാന്ദ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള കുക്കി സംഘടനകളാണ് യുവതിക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
2023 മെയ് മാസം യുവതിയെ ഇംഫാലില്‍ നിന്ന് തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിരുന്നു.
തട്ടികൊണ്ട് പോയവരില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും കൂട്ടബലാത്സംഗത്തിന്റെ ആഘാതത്തില്‍ രണ്ട് വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞ യുവതി കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
‘കുക്കി-സോ ജനതയെ എത്ര ക്രൂരമായാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നതിന്റെ മറ്റൊരു വേദനാജനകമായ സാക്ഷ്യമാണ് അവരുടെ മരണം, നമ്മുടെ സുരക്ഷയ്ക്കും അന്തസ്സിനും നിലനില്‍പ്പിനും വേണ്ടി പ്രത്യേക ഭരണകൂടം ആവശ്യപ്പെടുകയല്ലാതെ കുക്കി-സോ ജനതയ്ക്ക് മറ്റൊരു മാര്‍ഗവുമില്ല,’ അനുശോചന റാലിയില്‍ കുക്കി ഗ്രൂപ്പായ ഇന്‍ഡിജിന്‍സ് ട്രൈബല്‍ ലീഡേര്‍സ് ഫോറം പറഞ്ഞു.
കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടികാണിച്ച് സിവില്‍ സൊസൈറ്റി സംഘടനകകള്‍ ആവര്‍ത്തിച്ച് അപ്പീല്‍ നല്‍കിയിട്ടും കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കുക്കി സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷനും ആരോപിച്ചു.
പ്രത്യേക ഭരണകൂടത്തിനായുള്ള പ്രക്രിയ വേഗത്തിലാക്കണമെന്നും ഓര്‍ഗനൈസേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇര അനുഭവിച്ച അനീതിയുടെ പേരില്‍ മാത്രമല്ല സങ്കല്‍പ്പിക്കാനാവാത്ത ക്രൂരതയ്ക്ക് മുന്‍പില്‍ അവര്‍ കാണിച്ച സഹിഷ്ണുതയും ധൈര്യവും കൂടി ഓര്‍മ്മിക്കപ്പെടണമെന്ന് കുക്കി-സോ വനിതാ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.
‘ഏകദേശം മൂന്ന് വര്‍ഷത്തോളം ഒരിക്കലും ഒരു മനുഷ്യനും സഹിക്കേണ്ടി വരാത്ത വേദനകള്‍ അവള്‍ സഹിച്ചു,’ വനിതാ ഫോറം അനുശോചിച്ചു.
2023 മെയ് മുതല്‍ ഇംഫാല്‍ താഴ്‌വരയിലെ മെയ്തികളും കുന്നിന്‍ പ്രദേശങ്ങളിലെ കുക്കി-സോ ഗ്രൂപ്പുകളും തമ്മില്‍ നടന്ന വംശീയ അക്രമത്തില്‍ 260ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും അമ്പതിനായിരത്തോളം പേര്‍ പാലായനം ചെയ്യുകയും ചെയ്തു.
വംശീയവും രാഷ്ട്രീയവുമായ കാരണങ്ങളാണ് കലാപത്തിന്റെ മൂല കാരണം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്.
Content Highlight: Manipur: Cookies seek justice for woman gang-raped and murdered two years later