1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടനാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാകുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്. നിവിന്‍ പോളി നായകനായി എത്തിയ സിനിമയില്‍ നജാഫ് എന്ന കഥാപാത്രമായിട്ടാണ് മണിക്കുട്ടന്‍ എത്തിയത്.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തട്ടത്തിന്‍ മറയത്ത് സിനിമയെ കുറിച്ചും സംവിധായകനായ വിനീത് ശ്രീനിവാസനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍.
‘തട്ടത്തിന്‍ മറയത്ത് സിനിമയെ കുറിച്ച് ചോദിച്ചാല്‍, വിനീത് ശ്രീനിവാസന്റെ സുഹൃത്തുക്കള്‍ക്ക് ഇടയില്‍ നടന്ന കഥയാണ്. വിനീതേട്ടന്റെ സുഹൃത്തുക്കളില്‍ നജാഫിനെ പോലെയുള്ള ഒരുപാട് ആളുകളുണ്ടായിരുന്നു.
അതില്‍ നജാഫിന്റെ രണ്ടാമത്തെ എന്‍ട്രിയില്‍ അവന്റെയൊരു ഇരുത്തമുണ്ട്. എല്ലാം തികഞ്ഞവനെ പോലെയുള്ള ഇരുത്തമായിരുന്നു അത്. ആ ഇരുത്തം പോലും എനിക്ക് പറഞ്ഞു തന്നത് വിനീതേട്ടനാണ് എന്നതാണ് സത്യം,’ മണിക്കുട്ടന്‍ പറഞ്ഞു.
തട്ടത്തിന്‍ മറയത്തില്‍ നായകനേക്കാള്‍ മുമ്പ് കാസ്റ്റ് ചെയ്തത് തന്നെയായിരുന്നുവെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. ആ സമയത്ത് നിവിനോട് താന്‍ സംസാരിക്കാറുണ്ടായിരുന്നെന്നും ‘മണി എനിക്ക് അടുത്ത സിനിമ ഗംഭീരമായി ചെയ്യണം’ എന്നായിരുന്നു അന്ന് നിവിന്‍ തന്നോട് പറഞ്ഞതെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചു ദിവസം കഴിഞ്ഞതും സിനിമയില്‍ നിവിന്‍ നായകനായി വന്നുവെന്നും നടന്‍ പറയുന്നുണ്ട്.
Content Highlight: Manikuttan Talks About Thattathin Marayathu Movie And Vineeth Sreenivasan