| Saturday, 18th July 2026, 3:50 pm

എനിക്കിങ്ങനെയേ ചെയ്യാന്‍ പറ്റൂ എന്ന് പറഞ്ഞ രാജുവിനെയല്ല സംവിധായകനായപ്പോള്‍ കണ്ടത്: മണിക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് മണിക്കുട്ടന്‍. എന്നാല്‍ 2004 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറായാണ് മണിക്കുട്ടന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.

മണിക്കുട്ടന്‍. Photo: Manikuttan/ Facebook.com

അടുത്തിടെ ഓണ്‍ലൈന്‍ ചാനലായ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടനും സംവിധായകനുമായ പൃഥ്വിരാജിനെ കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും പൃഥ്വിരാജ് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിനെ കുറിച്ചാണ് മണിക്കുട്ടന്‍ സംസാരിച്ചത്.

‘അനന്തഭദ്രം എന്ന സിനിമ കാണാനായി തിയേറ്ററില്‍ പോയപ്പോള്‍ ഞാന്‍ രാജുവിനെ കണ്ടിട്ടുണ്ടായിരുന്നു അതിന് ശേഷം ട്വന്റി20 സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. പിന്നീട് ക്രിക്കറ്റ്, അമ്മയുടെ പരിപാടികള്‍ തുടങ്ങി ഒരുപാട് തവണ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ട്. പക്ഷേ പൃഥ്വിയെന്ന സംവിധായകനില്‍ നിന്നും ആ ഫ്രണ്ട്ഷിപ്പ് പ്രതീക്ഷിക്കുകയേ ചെയ്യരുത്. എങ്കിലും വളരെ സ്വീറ്റായിട്ടാണ് അദ്ദേഹം ആര്‍ട്ടിസ്റ്റുകളെ കൈകാര്യം ചെയ്യുന്നത്.

ഞാന്‍ ട്വന്റി20 ചെയ്യുന്ന സമയത്ത് എല്ലാ രൗദ്രഭാവങ്ങളും നിറഞ്ഞ് നില്‍ക്കുന്ന ഒരു അവതാരപ്പിറവിയയിരുന്നു രാജു. ചിത്രത്തില്‍ ഡാന്‍സ് ചെയ്യുന്ന സീനായിരുന്നു ഞങ്ങള്‍ക്ക്. രാജു നന്നായിട്ട് ഡാന്‍സ് ചെയ്യുന്ന ആളാണ്. ഷൂട്ടിനിടയില്‍ മാസ്റ്റര്‍ വന്നിട്ട് രാജു ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഇങ്ങനെയേ ചെയ്യാന്‍ പറ്റുള്ളൂ എന്നായിരുന്നു രാജു പറഞ്ഞത്. ഇതെല്ലാം കണ്ടാണ് ഞാന്‍ എമ്പുരാന്റെ ലൊക്കേഷനില്‍ പോയത്.

പൃഥ്വിരാജ്. Photo: Onmanorama

ഒന്നും അറിയാത്ത ഒരു പുതിയ സംവിധായകന്‍ ചിത്രം ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നിയത്. എന്റേത് ചെറിയ റോളാണെങ്കില്‍ പോലും അടുത്ത് വന്ന് കഥാപാത്രത്തെ കുറിച്ചെല്ലാം വിശദമായി പറഞ്ഞ് തരും. ഇതേത് രാജു എന്നാണ് എനിക്ക് തോന്നിയത്,’ മണിക്കുട്ടന്‍ പറഞ്ഞു.

Content Highlight: Manikuttan talks about Prithviraj as Director and actor

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more