| Wednesday, 25th November 2026, 6:05 am

കല്യാണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു, പക്ഷേ അതിന് ശേഷം മതിയെന്ന് ഞാന്‍ തീരുമാനിച്ചു: മണിക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ അഭിനേതാവാണ് മണിക്കുട്ടന്‍. 1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മണിക്കുട്ടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 2004 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറായാണ് മണിക്കുട്ടന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.

ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സീസണ്‍ 3യില്‍ വിന്നറായി മാറിയ മണിക്കുട്ടന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വമ്പന്‍ ഹിറ്റടിച്ച എമ്പുരാനിലും ഈ വര്‍ഷം പുറത്തിറങ്ങിയ സുഖമാണോ സുഖമാണ് എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങി മികച്ച പ്രതികരണം സ്വന്തമാക്കിയ ഭൗമയില്‍ മണിക്കുട്ടന്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

മണിക്കുട്ടന്‍. Photo: CCL

ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വിവാഹത്തെ കുറിച്ച് പലരും അന്വേഷിക്കുന്നതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുള്ള സങ്കലപ്‌ത്തെ കുറിച്ചും മണിക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ഇതുവരെ ഞാന്‍ ഇറിറ്റേറ്റഡായിട്ടില്ല. നമ്മളോടുള്ള സ്‌നേഹം കൊണ്ടാണല്ലോ അവര്‍ ആ ചോദ്യം ചോദിക്കുന്നത്. ചിലപ്പോള്‍ ഞാന്‍ സമ്പൂര്‍ണനാകുന്നത് വിവാഹം കഴിക്കുന്നതിലൂടെ ആയിരിക്കും. സത്യം പറഞ്ഞാല്‍ എനിക്ക് കല്യാണം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഒരു സോളോ ഹിറ്റ് കൊടുത്തതിന് ശേഷം കല്യാണം കഴിക്കാമെന്ന് എന്റെ മനസില്‍ ഒരു സംഭവം ഉണ്ടായിരുന്നു. പക്ഷേ ആ സംഭവം ഭയങ്കരമായിട്ട് നീണ്ടുപോകുകയാണ്.

വിവാഹത്തെ കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ കോണ്‍സെപ്റ്റാണ്. അത് ഓരോരുത്തര്‍ക്കും ഓരോ പോലെയായിരിക്കും. എന്റെ കുട്ടിക്കാലത്ത് പപ്പ നന്നായി മദ്യപിക്കുമായിരുന്നു. ദുഷ്ടനൊന്നുമല്ലെങ്കിലും വീട്ടില്‍ വഴക്കും അടിയുമെല്ലാം ഉണ്ടാകും. ആ സമയത്ത് അമ്മയ്ക്ക് വെറെ ജോലിയൊന്നുമില്ല, വേറെ എവിടെയും പോയി നില്‍ക്കാനും കഴിയില്ല. അതുകൊണ്ട് അമ്മ ഇതെല്ലാം അവിടെ നിന്ന് സഹിക്കും.

പിന്നീട് അമ്മയ്ക്ക് ചെറുതാണെങ്കിലും ഒരു ആയ ആയിട്ട് ജോലി കിട്ടി. ചെറിയ ശമ്പളമാണെങ്കിലും അത് അമ്മയ്ക്ക് നല്‍കിയ കോണ്‍ഫിഡന്‍സ് വലുതായിരുന്നു. പിന്നെ പപ്പ തൊട്ട് കഴിഞ്ഞാല്‍ അമ്മ മിണ്ടാതിരിക്കില്ല. അതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ വയസായപ്പോള്‍ ഇവര്‍ തമ്മില്‍ നല്ല സ്‌നേഹമാണ്. എപ്പോഴും പാട്ടൊക്കെ പാടി സ്‌നേഹത്തില്‍ നടക്കുകയാണ്. പ്രായമായ സമയത്തുള്ള പ്രണയമാണ്. പപ്പയ്ക്ക് ഇടയ്ക്ക് വെച്ച് ബൈപ്പാസ് സര്‍ജറിയെല്ലാം കഴിഞ്ഞിരുന്നു. അപ്പോഴെല്ലാം പപ്പയെ ഒരു കൊച്ചുകുട്ടിയെ പോലെയാണ് അമ്മ നോക്കിയത്.

ഭൗമ. Photo: X.com

വിവാഹം എന്ന് പറയുമ്പോള്‍ അടിയും വഴക്കും എല്ലാം ഉണ്ടെങ്കിലും , ഒരുപാട് കാലം കഴിഞ്ഞ് നമ്മള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ നമ്മളെ കാത്തിരിക്കാനും സ്‌നേഹിക്കാനും ഒരാള്‍ ഉണ്ടെങ്കില്‍ എന്ന് പറയുന്ന സംഭവം നല്ല കാര്യമാണ്. പക്ഷേ എല്ലാവരുടെതും ഇങ്ങനെ ഒത്തുവരണമെന്നില്ല. എങ്കിലും വിവാഹം എന്ന കോണ്‍സെപ്റ്റ് നല്ലതാണ് എന്നാണ് എന്റെ പേരന്റ്‌സിനെ കണ്ടിട്ട് എനിക്ക് തോന്നിയിട്ടുള്ളത്,’ മണിക്കുട്ടന്‍ പറഞ്ഞു.

Content Highlight: Manikuttan talks about Marriage and his concept about marriage

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more