സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ 2004ല്‍ കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാകുന്നത്.
2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമയില്‍ നായകനായി എത്തുന്നത്. ഛോട്ടാ മുംബൈ, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ നടന്‍ ഇന്ദ്രജിത്തിനെ കുറിച്ച് സംസാരിക്കുകയാണ് മണികുട്ടന്‍. ഛോട്ടാ മുംബൈ, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്നീ സിനിമകളില്‍ ഇരുവരും ഒരമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഛോട്ടാ മുബൈയുടെ സമയത്ത് ഷൂട്ടിങ്ങില്ലാത്ത ദിവസം ഇന്ദ്രജിത്ത് വീട്ടിലേക്ക് വിളിക്കുമെന്നും അദ്ദേഹത്തിന്റെ പങ്കാളി പൂര്‍ണിമ തങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കി തരാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ദ്രജിത്ത് വളരെ കൂളായ വൈബുള്ള വ്യക്തിയാണെന്നും നല്ല തമാശ പറയുന്നയാളാണെന്നും മണികുട്ടന്‍ പറഞ്ഞു. നല്ല കുട്ടിത്തമുള്ള സ്വഭാവമാണ് ഇന്ദ്രജിത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മണിക്കുട്ടന്‍.
‘ഈ ഇന്ദ്രേട്ടന്‍ ഛോട്ടാ മുംബൈയുടെ സമയത്തും ഹരീന്ദ്രന്‍ നടക്കുമ്പോളും ഷൂട്ടിങ്ങ് ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിക്കും. എന്നിട്ട് ചേച്ചി നല്ല ഫുഡൊക്കെ ഉണ്ടാക്കും. പൂര്‍ണിമ ചേച്ചി ഭക്ഷണം ഉണ്ടാക്കി നമുക്ക് തരുമായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂളായിട്ടുള്ള മനുഷ്യന്‍ ഇന്ദ്രേട്ടനാണ്. ഭയങ്കര ഫണ്ണിയാണ്. നല്ല കുട്ടിത്ത സ്വഭാവമുള്ള ആളാണ് അദ്ദേഹം. കുറച്ച് ഘട്ടം കഴിഞ്ഞപ്പോഴേക്കും നമ്മള്‍ ഭയങ്കര വൈബായിരുന്നു,’മണികുട്ടന്‍ പറയുന്നു.
Content Highlight: Manikuttan talks about Indrajith