| Tuesday, 3rd November 2026, 10:20 pm

ഞാനൊരു ക്രിസ്ത്യന്‍ ഫാമിലിയിലാണ് ജനിച്ചത്, എന്നെ പഠിപ്പിച്ചതും വളര്‍ത്തിയതും ഒരു ഹിന്ദു ഫാമിലിയാണ്, അതിനാലാണ് ഈ പേര് ഞാനിട്ടിരിക്കുന്നത്: മണിക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ അഭിനേതാവാണ് മണിക്കുട്ടന്‍. 1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മണിക്കുട്ടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 2004 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറായാണ് മണിക്കുട്ടന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.

ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സീസണ്‍ 3യില്‍ വിന്നറായി മാറിയ മണിക്കുട്ടന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വമ്പന്‍ ഹിറ്റടിച്ച എമ്പുരാനിലും ഈ വര്‍ഷം പുറത്തിറങ്ങിയ സുഖമാണോ സുഖമാണ് എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. അടുത്തിടെ വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ വളര്‍ന്നുവന്ന ജീവിത സാഹചര്യത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

ബിഗ് ബോസ്. Photo: X.com

‘കുടുംബത്തിലെ കാര്യം പറയുമ്പോള്‍ എന്റെ പപ്പ കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്നു. പപ്പയ്ക്ക് അതിന്റെ പെന്‍ഷനുണ്ട് അമ്മ സ്‌കൂളില്‍ നോണ്‍-ടീച്ചിങ് സ്റ്റാഫായിരുന്നു. സ്വന്തം കാര്യങ്ങള്‍ നോക്കാനുള്ള ശമ്പളം അമ്മയ്ക്കുണ്ട്. ചേച്ചിമാര്‍ക്ക് വലിയ രണ്ട് മക്കളായി. ഒരാള്‍ ഫിസിയോ തെറാപ്പിസ്റ്റാണ്. എനിക്കിപ്പോള്‍ ഉള്ള ഉത്തരവാദിത്തം എന്ന് പറയുന്നത് എന്റെ കുടുംബത്തിന് എന്തെങ്കിലും ‘പ്ലസ്’ ആവശ്യമുണ്ടെങ്കില്‍ അത് കൊടുക്കുക എന്നുള്ളതാണ്. മാത്രമല്ല എന്റെ കാര്യങ്ങള്‍ സേഫായി നോക്കുക എന്നാണ് എന്റെ കുടുംബം പറഞ്ഞിരിക്കുന്നത്.

ഞാന്‍ മറ്റൊരു സ്ഥലത്ത് നിന്നായിരുന്നു പഠിച്ചതും വളര്‍ന്നതും. എനിക്ക് അവിടെ നിന്ന് വീട്ടിലേക്ക് പോകാന്‍ പറ്റില്ല, ആ സ്ഥലത്ത് തന്നെ നില്‍ക്കാന്‍ മാത്രമേ സാധിക്കുള്ളൂ. അവിടെ രണ്ട് ആന്റിമാരാണുണ്ടായിരുന്നത്. അതിലൊരാളുടെ പേരാണ് മണി. എനിക്ക് അമ്മയെ പോലെയാണ്, വലിയ പ്രായമുള്ള ആളാണ്, ഭയങ്കര റിച്ചാണ്. അവിടെയുള്ള രണ്ടാമത്തെ ആന്റിയ്ക്കും ഒരു മകനുണ്ട് അതുകൊണ്ട് സഹോദരങ്ങളെ പോലെയാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്,’ മണിക്കുട്ടന്‍ പറയുന്നു.

വീട്ടുകാരെ കാണാന്‍ പറ്റാത്തതിന്റെ കാരണം അത് ഹോസ്റ്റല്‍ പോലെയായത് കൊണ്ടാണോ എന്ന അവതാരകന്റെ ചോദ്യത്തിനും മണിക്കുട്ടന്‍ മറുപടി പറഞ്ഞു.

‘ഹോസ്റ്റല്‍ പോലെയല്ല. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ആ ജനങ്ങളിലേക്ക് അറിയിക്കുക എന്നതായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ഞാന്‍ ഒരു ക്രിസ്ത്യന്‍ ഫാമിലിയിലായിരുന്നു ജനിച്ചു വളര്‍ന്നത്. എന്നെ വളര്‍ത്താനും പഠിപ്പിക്കാനും ഒരു ഹിന്ദു ഫാമിലിയാണ് പൈസ മുടക്കിയത്. അതിലെ ഒരു പോസിറ്റിവിറ്റി കാണിക്കാന്‍ വേണ്ടിയാണ് മണിക്കുട്ടന്‍ എന്ന പേര് പോലും ഞാന്‍ സ്വീകരിച്ചത്. അവിടെയുള്ള ആന്റിയുടെ പേരാണ് മണി. എന്നെ കുട്ടിക്കാലം മുതല്‍ വിളിക്കുന്നത് മണിക്കുട്ടാ എന്നാണ്.

മണിക്കുട്ടന്‍. Photo: X.com

അതുകൊണ്ട് തന്നെ ഈ പോസിറ്റീവ് കാര്യം സമൂഹത്തോട് പറയാന്‍ വേണ്ടിയാണ് എന്റെ പേര്. ഹോസ്റ്റല്‍ ആണോ അല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം,’ മണിക്കുട്ടന്‍ പറഞ്ഞു.

Content Highlight: Manikuttan talks about his childhood and early life

Latest Stories

We use cookies to give you the best possible experience. Learn more