| Tuesday, 8th July 2025, 11:21 am

ഭാവന നോ പറയുമോയെന്ന് പേടിച്ചു; അവള്‍ എന്നോടൊപ്പം ഡാന്‍സ് ചെയ്യാന്‍ തയ്യാറായി: മണിക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിക്കുട്ടന്‍. അദ്ദേഹത്തിന്റെ സിനിമാ കരിയറില്‍ എന്നും ഓര്‍ക്കപ്പെടുന്ന കഥാപാത്രമാണ് സൈനു. ഛോട്ടാ മുംബൈ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കഥാപാത്രമായിരുന്നു അത്.

ആ സിനിമയില്‍ ഭാവനയായിരുന്നു നായിക. ഇപ്പോള്‍ ഭാവനയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് മണിക്കുട്ടന്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭാവന എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അമ്മ ഷോയുടെ സമയത്തുള്ള അനുഭവങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ കുറച്ച് സ്ട്രഗിളിങ് പിരീഡില്‍ ആയിരുന്ന സമയത്ത് ഭാവന വലിയ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു.

അമ്മയില്‍ ഷോയുടെ സമയത്ത് ഒരിക്കല്‍ ഒരു സംഭവമുണ്ടായി. അന്ന് വേറെയൊരു ആര്‍ട്ടിസ്റ്റായിരുന്നു ഭാവനയുടെ കൂടെ ഡാന്‍സ് കളിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ വ്യക്തിക്ക് ഷോയില്‍ വരാന്‍ പറ്റാത്ത സിറ്റുവേഷന്‍ വന്നു.

ഷോയില്‍ ആ ഡാന്‍സ് കളിച്ചേ പറ്റുള്ളൂവെന്ന അവസ്ഥയുമായിരുന്നു. കാരണം ആദ്യം തീരുമാനിച്ച ഡ്യുറേഷനില്‍ മാറ്റമുണ്ടാകാന്‍ പാടില്ലായിരുന്നു. അവസാനം ഭാവനയുടെ കൂടെ ഞാന്‍ ഡാന്‍സ് ചെയ്യേണ്ട അവസ്ഥയായി.

‘ദൈവമേ ഭാവന നോ പറയുമോ’ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍. കാരണം ആ സമയത്ത് ഭാവന വലിയ നടിയാണ്. തമിഴ് സിനിമകളൊക്കെ ചെയ്യുന്ന സമയമല്ലേ. ഞാനാണെങ്കില്‍ സ്‌ട്രെഗിള്‍ ചെയ്യുന്ന സമയവും.

എന്നിട്ടും ഭാവന എന്റെ കൂടെ ഡാന്‍സ് ചെയ്യാന്‍ തയ്യാറായി. അന്ന് തുടങ്ങിയ സ്‌നേഹ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ഛോട്ടാ മുംബൈ സിനിമക്ക് ശേഷമായിരുന്നു ഈ സംഭവങ്ങളൊക്കെ നടക്കുന്നത്.

ഛോട്ടാ മുംബൈ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പക്ഷെ അതില്‍ ഞങ്ങള്‍ക്ക് കമ്പനിയാകാന്‍ അധികം സമയം ഉണ്ടായിരുന്നില്ല. അന്ന് ഭാവന നല്ല തിരക്കിലായിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കാന്‍ ഉണ്ടായിരുന്നു.

അതിന്റെയൊക്കെ ഇടയില്‍ വന്നിട്ടാണ് ഭാവന ഛോട്ടാ മുംബൈയില്‍ അഭിനയിക്കുന്നത്. അതിനൊക്കെ ശേഷം സി.സി.എല്‍ മാച്ച് വരുന്ന സമയത്താണ് കുറച്ച് കൂടെ നമ്മള്‍ അടുത്തത്. ക്രിക്കറ്റിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഭാവനയും ഞാനും (ചിരി). എനിക്കും വലിയ രീതിയിലൊന്നും അറിവില്ലായിരുന്നു,’ മണിക്കുട്ടന്‍ പറയുന്നു.


Content Highlight: Manikuttan Talks About Friendship With Bhavana

We use cookies to give you the best possible experience. Learn more