സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. ബാലതാരമായാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. കരിയറില്‍ നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മണിക്കുട്ടനെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് ഛോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെയാണ്.
സൈനു എന്ന കഥാപാത്രമായിട്ടാണ് അതില്‍ നടന്‍ എത്തിയത്. ഈയിടെ ഛോട്ടാ മുംബൈ റീ-റിലീസ് ആകുകയും തിയേറ്ററില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഛോട്ടാ മുംബൈയുടെ റീ-റിലീസിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍.
‘ഛോട്ടാ മുംബൈ റീ-റിലീസിനെ കുറിച്ച് ചോദിച്ചാല്‍, എന്നാണെങ്കിലും ഈ സ്വീകാര്യത കിട്ടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ ഇത്രമാത്രം സ്‌നേഹം കിട്ടുമെന്നോ ഇത്രയും വലിയ ആഘോഷമാക്കി മാറ്റുമെന്നോ ഞാന്‍ കരുതിയിരുന്നില്ല.
ഞാന്‍ എറണാകുളത്ത് വെച്ചാണ് ഛോട്ടാ മുംബൈയുടെ റീ-റിലീസ് കാണുന്നത്. അതും കവിത തിയേറ്ററില്‍ വെച്ചാണ് കണ്ടത്. അവിടെ ഏതാണ്ട് 1200 സീറ്റുകള്‍ ഉണ്ടായിരുന്നു. അത്രയും സീറ്റ് നിറയുമോ എന്നതും സംശയമാണല്ലോ.
ഞങ്ങള്‍ സിനിമ കണ്ട് തുടങ്ങിയത് അതില്‍ പ്രവര്‍ത്തിച്ച ആളുകള്‍ എന്ന നിലയ്ക്കാണ്. പക്ഷെ സിനിമ മുന്നോട്ട് പോകെ പോകെ അതിലൊക്കെ മാറ്റമുണ്ടായി. പ്രേക്ഷകരുടെ ആ ആരവവും ആഘോഷവും കണ്ടതോടെ നമ്മള്‍ പ്രേക്ഷകരില്‍ ഒരാളായി മാറി.
നമ്മള്‍ പാട്ട് വരുമ്പോള്‍ അവരുടെ കൂടെ ചെന്ന് ഡാന്‍സ് കളിക്കാന്‍ തുടങ്ങി. ഫൈറ്റൊക്കെ വരുമ്പോള്‍ അതിന് ഡയലോഗ് ഏറ്റുപറയുകയും ചെയ്തു. അതൊരു വല്ലാത്ത ഫീലായിരുന്നു. കുറേകാലമായി ഇങ്ങനെയൊരു സിനിമ കണ്ടിട്ട്.
ഛോട്ടാ മുംബൈ ആദ്യം റിലീസ് ചെയ്യുന്ന സമയത്തും ആഘോഷം ഉണ്ടായിരുന്നു. പക്ഷെ ഇത്രയും സ്വീകാര്യത ഉണ്ടായിരുന്നില്ല. റിലീസ് ആണെങ്കിലും റീ-റിലീസ് ആണെങ്കിലും തിയേറ്ററിലേക്ക് ഇത്രയും ആളുകള്‍ വരുന്നത് കാണുമ്പോള്‍ ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് വലിയ സന്തോഷം തോന്നുന്നുണ്ട്,’ മണിക്കുട്ടന്‍ പറയുന്നു.
Content Highlight: Manikuttan Talks About Chotta Mumbai Re-release