| Thursday, 5th November 2026, 10:36 pm

ലാലേട്ടന്റെ കൂടെയല്ലേ, ബാക്കിയൊന്നും പറയണ്ട, പ്രതിഫലവും പറയണ്ട; ഛോട്ടാ മുംബൈയിലേക്ക് മണിയന്‍ പിള്ള രാജു വിളിച്ചതിനെ കുറിച്ച് മണിക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ ഏറ്റവും കടുതല്‍ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളിലൊന്നാണ് 2007ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം അഴിഞ്ഞാടിയ ചിത്രം ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായിട്ടായിരുന്നു ഒരുക്കിയിരുന്നത്. മോഹന്‍ലാലിനൊപ്പം കലാഭവന്‍ മണി, വിനായകന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, സായി കുമാര്‍, ബിജുക്കുട്ടന്‍, ഭാവന, ജഗതി ശ്രീകുമാര്‍, രാജന്‍ പി.ദേവ്, ഇന്ദ്രജിത്ത്, മല്ലിക സുകുമാരന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തില്‍ മണിക്കുട്ടനും പ്രധാനവേഷത്തിലെത്തിയിരുന്നു.

ഛോട്ടാ മുംബൈ. Photo: Onlookersmedia

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച തല എന്ന കഥാപാത്രത്തിന്റെ ഗ്യാങ്ങിലെ അംഗമായ സഞ്ജു എന്ന കഥാപാത്രമായാണ് മണിക്കുട്ടന്‍ വേഷമിട്ടത്. ഛോട്ടാ മുംബൈയുടെ ഓപ്പണിങ് സീനില്‍ മണിക്കുട്ടനെ ബൈക്കിലിരുത്തി വരുന്ന സീനായിരുന്നു മോഹന്‍ലാലിന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍. ചിത്രത്തിലഭിനയിക്കാനായി പ്രൊഡ്യൂസര്‍ മണിയന്‍ പിള്ള രാജു തന്നെ വിളിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഛോട്ടാ മുംബൈയിലേക്ക് വിളിക്കുന്നത് മണിയന്‍ പിള്ള രാജു ചേട്ടനാണ്. എന്റെ സിനിമയിലൊരു ക്യാരക്ടറുണ്ട്, ഛോട്ടാ മുംബൈ എന്ന് പറഞ്ഞ സിനിമയാണ്. അത് ചെയ്യുന്ന അന്‍വറിക്കയാണ്, ബെന്നി പി.നായരമ്പലമാണ് സ്‌ക്രിപ്റ്റ്, ഇതിനകത്ത് മണിക്കുട്ടന്റെ എന്‍ട്രി സീന്‍ ഇങ്ങനെയാണ് എന്നും മണിയന്‍ പിള്ള ചേട്ടന്‍ പറഞ്ഞു. ലാലേട്ടന്‍ എടുത്തുകൊണ്ട് വരികയാണ്. ബാക്കി ഒന്നും പറയണ്ട, ഡേറ്റ് മാത്രം പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു. പ്രതിഫലം പോലും പറയേണ്ടെന്ന് പറഞ്ഞു. പക്ഷേ നല്ല പ്രതിഫലം തന്നു കേട്ടോ.

ലാലേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് തിരുവനന്തപുരത്ത് ചതുരംഗം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ്. അന്ന് ഫാന്‍സുകാരുടെ കൂട്ടത്തില്‍ ഒരു മതിലിന്റെ മണ്ടയില്‍ വലിഞ്ഞ് കേറിയാണ് കണ്ടത്. സിനിമയില്‍ വന്നതിന് ശേഷം മഹാസമുദ്രം സിനിമയുടെ സെറ്റില്‍ വെച്ചാണ് കാണുന്നത്. ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല, അതിന്റെ ക്യാമറമാന്‍ ഷാജിചേട്ടനാണ് എനിക്ക് ലാലേട്ടനെ പരിചയപ്പെടുത്തി തരുന്നത്,’ മണിക്കുട്ടന്‍ പറഞ്ഞു.

ഛോട്ടാ മുംബൈ. Photo: Book My Show

1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മണിക്കുട്ടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 2004 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറായാണ് മണിക്കുട്ടന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.

Content Highlight: Manikuttan talks about Chotta Mumbai and Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more