| Friday, 11th July 2025, 4:28 pm

ഇന്ത്യയിലെ ഒരു ഇന്‍ഡസ്ട്രിയിലും ഇനി അതുപോലൊരു സിനിമ ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്: മണിക്കുട്ടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തിയ താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ ജനപ്രിയനായ മണിക്കുട്ടന്‍, വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത മണിക്കുട്ടന്‍ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ മുന്‍നിര താരങ്ങളെയെല്ലാം അണിനിരത്തി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്വന്റി20. അതുവരെയുണ്ടായിരുന്ന സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞ് ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ ചിത്രത്തിന് സാധിച്ചു. ട്വന്റി 20യിലെ ഒരു ഗാനരംഗത്തില്‍ മണിക്കുട്ടനും പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിക്കുട്ടന്‍.

ജോഷിയുടെ സിനിമയായതിനാല്‍ വളരെ പേടിച്ചാണ് ആ സിനിമയിലേക്ക് പോയതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. മണിയന്‍പിള്ള രാജു വഴിയാണ് ആ സിനിമയില്‍ തനിക്ക് അവസരം ലഭിച്ചതെന്നും വലിയ താരങ്ങളോടൊപ്പം തന്നെയും ആ ഗാനരംഗത്തില്‍ ശ്രദ്ധിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ഡാന്‍സ് അറിയാവുന്നതിനാല്‍ തന്നോട് ജോഷി അധികം ദേഷ്യപ്പെട്ടിട്ടില്ലെന്നും മണിക്കുട്ടന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

ട്വന്റി 20 എന്ന സിനിമ കരിയറില്‍ മറക്കാനാകാത്ത അനുഭവമാണ്. മണിയന്‍പിള്ള രാജു ചേട്ടന്‍ വഴിയാണ് എനിക്ക് ആ സിനിമയില്‍ അവസരം കിട്ടുന്നത്. ‘ഇതുപോലെ എല്ലാ നടന്മാരെയും വെച്ച് ഒരു പടം ചെയ്യുന്നുണ്ട് അതിലേക്ക് നടന്മാരെ വേണം’ എന്ന് പറഞ്ഞാണ് എന്നെ അതിലേക്ക് വിളിക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് ഇവരുടെയൊക്കെ കൂടെയാണ് ഞാനും.

പോരാത്തതിന് ആ സമയത്തെ വലിയ സ്റ്റാറായി നില്‍ക്കുന്ന നയന്‍താരയും പാട്ടില്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. ജോഷി സാര്‍ എല്ലാ കാര്യത്തിനും പെട്ടെന്ന് ദേഷ്യപ്പെടുമെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് പേടിച്ച് പേടിച്ചാണ് ആ സെറ്റിലെത്തിയത്. പക്ഷേ, ഡാന്‍സ് അറിയാവുന്നതുകൊണ്ട് ജോഷി സാര്‍ എന്നോട് ദേഷ്യപ്പെട്ടില്ല. വളരെ നല്ലൊരു അനുഭവമായിരുന്നു ട്വന്റി 20. എനിക്ക് തോന്നുന്നത് ഇന്ത്യയിലെ മറ്റൊരു ഇന്‍ഡസ്ട്രിയിലും അതുപോലൊരു സിനിമ ആര്‍ക്കും ചെയ്യാനാകില്ല എന്നാണ്,’ മണിക്കുട്ടന്‍ പറഞ്ഞു.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയും സിബി കെ. തോമസും ചേര്‍ന്നായിരുന്നു. ബോക്‌സ് ഓഫീസില്‍ 30 കോടിക്കുമുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം മലയാളസിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറി.

Content Highlight: Manikuttan saying no other industries can make a movie like Twenty Twenty

We use cookies to give you the best possible experience. Learn more