| Monday, 16th November 2026, 2:11 pm

ടൈം ടേബിൾ വെച്ച് ആഴ്ചയിൽ രണ്ട്‌ തവണ സംവിധായകരെ വിളിക്കാറുണ്ട്; അതെന്റെ റുട്ടീനിന്റെ ഭാഗമാണ്: മണിക്കുട്ടൻ

അനുപമ കെ. സീത

1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മണിക്കുട്ടൻ സിനിമാ മേഖലയിൽ അരങ്ങേറുന്നത്. പിന്നീട് 2004ൽ സംപ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറിലൂടെ താരം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് വിനയൻ സംവിധാനം ചെയ്ത ബോയ്‌ഫ്രണ്ട്‌ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. ഛോട്ടാ മുംബൈ, മായാവി, തട്ടത്തിൻ മറയത്ത്, മാമാങ്കം തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ള മറ്റ് സിനിമകൾ. ഭൗമയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.

താൻ ആഴ്ചയിൽ രണ്ട്‌ മൂന്ന് പ്രാവശ്യം അവസരം ചോദിച്ച് സംവിധായകരെ വിളിക്കാറുണ്ടെന്നും അത് തന്റെ റുട്ടീനിന്റെ ഭാഗമാണെന്നും പറയുകയാണ് നടൻ. റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഞാൻ എന്നെ തന്നെ ഒരു ആക്റ്റിങ് സ്റ്റുഡന്റ് ആയിട്ടാണ് കണക്കാക്കുന്നത്. എന്റെ ഒരാഴ്ചത്തെ റുട്ടീൻ ഈ പറയുന്ന ജിമ്മും വർക്കൗട്ട് ഒക്കെയാണ്. അത്യാവശ്യം ഡാൻസ് പഠിക്കാൻ കിട്ടുന്ന അവസരവും സിനിമകൾ കാണാൻ കിട്ടുന്ന അവസരവും ഞാൻ ഒഴിവാക്കാറില്ല. ഇതുപോലെ തന്നെ എന്റെ ഒരു ടൈം ടേബിളിൽ പെട്ടതാണ് ഒരാഴ്ച ഇന്ന ഇന്ന ഡയറക്ടേഴ്സിനെ വിളിക്കുക എന്നുള്ളത്. അപ്പോൾ എല്ലാ ആഴ്ചയും രണ്ടു മൂന്നു പേരെ വെച്ച് ഞാൻ വിളിക്കാറുണ്ട്.

ഭൗമ.Photo: Facebook.com

അവരുടെ ആവശ്യമല്ല അവരുടെ സിനിമയിലേക്ക് എന്നെ വിളിക്കുക എന്നുള്ളത്. എന്റെ ആവശ്യമാണ് മലയാള സിനിമയിൽ ഞാൻ ഇഷ്ടപ്പെടുന്ന ഡയറക്ടേഴ്സിന്റെ കൂടെയും കോ ആർട്ടിസ്റ്റുകളുടെ കൂടെയും ടെക്നീഷ്യൻസിന്റെ കൂടെയും വർക്ക് ചെയ്യുക എന്നുള്ളത്. അതുകൊണ്ട് ഈ ടൈം ടേബിൾ വെച്ച് എല്ലാവരെയും ആഴ്ചയിൽ രണ്ടു വട്ടം വിളിക്കാറുണ്ട്. എന്ന് പറഞ്ഞാൽ എല്ലാവരെയും എല്ലാ ആഴ്ചയും വിളിച്ച് ശല്യം ചെയ്യില്ല. ഇന്ന ഇന്ന ആൾക്കാരെ എന്ന് വെച്ചിട്ടാണ് വിളിക്കാറുള്ളത്,’ നടൻ പറഞ്ഞു.

ഇതുവരെയും അങ്ങനെ വിളിച്ചിട്ട് ഒരു സംവിധായകരും തന്നോട് ദേഷ്യപ്പെട്ടിട്ടില്ലെന്നും അതെന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ചിലപ്പോൾ കൊച്ചുണ്ണി ചെയ്തതുകൊണ്ടാവാമെന്നും അല്ലെങ്കിൽ താൻ ചെയ്തിട്ടുള്ള സിനിമകൾ കൊണ്ടോ തന്റെ പേര് കൊണ്ടോ ആവാമെന്നും നടൻ വ്യക്തമാക്കി. എല്ലാവരും ‘നോക്കട്ടെടാ’ എന്നാണ് പറയാറുള്ളതെന്നും മണിക്കുട്ടൻ പറഞ്ഞു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭൗമ സംവിധാനം ചെയ്തിരിക്കുന്നത് റെജിൻ. എസ്. ബാബുവാണ്. ചിത്രത്തിൽ ഷാഹുൽ മജീദ് എന്ന പൊലീസുകാരനായാണ് നടൻ വേഷമിട്ടിരിക്കുന്നത്. മിസ്റ്ററി ഹൊറർ ത്രില്ലർ പ്രമേയമായ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രേവതി ശർമ, ദിലീഷ് പോത്തൻ, സാഗർ സൂര്യ, വിനീത്, മെറിൻ ഫിലിപ്, ലെന, മധുപാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Content Highlight: Manikuttan said that calling directors twice a week according to a fixed timetable was part of his routine.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more