| Wednesday, 4th November 2026, 11:32 am

കുറച്ചേയുള്ളുവെങ്കിലും കഥ മുഴുവന്‍ നിന്റെ ക്യാരക്ടറിനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നതെന്ന് പറഞ്ഞ് മമ്മൂക്കയാണ് ആ സിനിമയിലേക്ക് എന്നെ വിളിച്ചത്: മണിക്കുട്ടന്‍

അമര്‍നാഥ് എം.

സീരിയലിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി എന്ന സീരിയല്‍ മണിക്കുട്ടന് നല്‍കിയ മൈലേജ് വളരെ വലുതായിരുന്നു. നായകനായും സഹനടനായും തിളങ്ങിയ മണിക്കുട്ടന്‍ ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയായും തിളങ്ങി. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചു.

കരിയറിലെ ആദ്യകാല ഓര്‍മകള്‍ പങ്കുവെക്കുകയാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി ഹിറ്റായപ്പോള്‍ എവിടെപ്പോയാലും ആളുകള്‍ തന്നെ തിരിച്ചറിയുമായിരുന്നെന്ന് താരം പറഞ്ഞു. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴും ആ സീരിയലിന്റെ പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും വലിയ അംഗീകാരമാണ് അതെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘സാധാരണക്കാര്‍ മാത്രമല്ല, സിനിമയിലും എനിക്ക് ഐഡന്റിറ്റി തന്നത് കൊച്ചുണ്ണിയാണ്. എന്തിനേറെ, മമ്മൂക്ക പോലും ആ സീരിയല്‍ കണ്ടിട്ടാണ് എന്നെ തിരിച്ചറിഞ്ഞത്. മമ്മൂക്കയെ ആദ്യമായി കണ്ടത് സീരിയലിന്റെ സമയത്തായിരുന്നു. തുറപ്പുഗുലാന്റെ ഷൂട്ടിന്റെ സമയത്താണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. എറണാകുളത്തെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു.

ആ സിനിമയില്‍ ഞാനില്ലെങ്കിലും അദ്ദേഹത്തെ ഒന്ന് കാണാമല്ലോ എന്ന് വിചാരിച്ച് പോയതാണ്. സിനിമയിലെത്തിയ സമയമായിരുന്നു അത്. ജോണി ആന്റണി ചേട്ടനെ എനിക്കറിയാം. ആ ഒരു പരിചയത്തില്‍ പോയി കണ്ടതാണ്. മമ്മൂക്ക വരുമ്പോള്‍ ആരാധകനാണേ എന്ന് പറഞ്ഞ് കൈകൊടുക്കാമെന്ന് മാത്രമേ കരുതിയുള്ളൂ. മമ്മൂക്ക നടന്നുവന്നപ്പോള്‍ തിരിഞ്ഞ് എന്നെ നോക്കിയിട്ട് ‘നിന്റെ കൊച്ചുണ്ണി ഞാന്‍ കാണാറുണ്ട്. കലക്കനാണ്’ എന്ന് പറഞ്ഞു. എനിക്ക് അത് അവാര്‍ഡ് പോലെയാണ്,’ മണിക്കുട്ടന്‍ പറയുന്നു.

തന്നെ മാത്രമല്ല, കോമഡി സ്‌കിറ്റ് കളിക്കുന്ന ആര്‍ട്ടിസ്റ്റുകളെപ്പോലും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ടെന്ന് മണിക്കുട്ടന്‍ പറഞ്ഞു. സിനിമയില്‍ തിരക്കുകളുമായി നടക്കുമ്പോഴും ഇത്തരം ചെറിയ ആര്‍ട്ടിസ്റ്റുകളെപ്പോലും തിരിച്ചറിയുന്ന മമ്മൂട്ടിയുടെ കഴിവ് അപാരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മായാവി എന്ന സിനിമയിലേക്ക് തന്നെ റെക്കമെന്‍ഡ് ചെയ്തത് മമ്മൂട്ടിയായിരുന്നെന്നും മണിക്കുട്ടന്‍ പറയുന്നു.

‘മായാവിയിലെ ക്യാരക്ടറിലേക്ക് എന്നെ വിളിച്ചത് മമ്മൂക്കയാണ്. ‘ചെറിയ റോളാണ്. പക്ഷേ, ഈ കഥ മുഴുവന്‍ മുന്നോട്ട് പോകുന്നത് നിന്റെ ക്യാരക്ടറിനെ ചുറ്റിപ്പറ്റിയാണ്’ എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ തന്നെ ആ വേഷം ചെയ്യാന്‍ സമ്മതിച്ചു. അതുപോലെ ഛോട്ടാ മുംബൈ എന്ന സിനിമ കഥയും പ്രതിഫലവും ചോദിക്കാതെ ചെയ്തതാണ്,’ മണിക്കുട്ടന്‍ പറഞ്ഞു.

Content Highlight: Manikuttan about Mammootty and his character in Mayavi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more