മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മനുഷ്യ ജീവിതത്തെ അതിന്റെ എല്ലാവിധ തീവ്രതകളോടെയും അവതരിപ്പിച്ച ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിലെ വിനായകന്റെയും മണികണ്ഠന്‍ ആചാരിയുടെയും കഥാപാത്രങ്ങള്‍ മലയാള സിനിമയിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്.
കമ്മട്ടിപാടത്തില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ കഥാപാത്രമായിരുന്നു മണികണ്ഠന്‍ ആചാരി അവതരിപ്പിച്ച ബാലന്‍ ചേട്ടന്‍. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ താരം പിന്നീട് ഒട്ടനവധി തമിഴ്-മലയാള ചിത്രങ്ങളുടെ ഭാഗമായിരുന്നു. കമ്മട്ടിപാടത്തില്‍ സൗബിന്‍ ഷാഹിറുമൊത്തുള്ള സംഘട്ടനരംഗത്തിന് ശേഷമുള്ള കൈയടിക്കെടാ എന്ന ഡയലോഗിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
കമ്മട്ടിപ്പാടം. Photo: Filmfare
സിനിമയിലെത്തുന്നതിന് മുമ്പ് നാടകനടനായും മാര്‍ക്കറ്റില്‍ മീന്‍വെട്ടുകാരനായും ജോലി ചെയ്ത മണികണ്ഠന്‍ സിനിമയിലെത്തിയതിന് ശേഷം മാറിയ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ മണികണ്ഠന്‍ പറഞ്ഞ വാക്കുകളാണ് സിനിമാ പേജുകളിലെയും മറ്റും ചര്‍ച്ചാവിഷയം.
2016 മെയ് മാസം പത്തൊന്‍പതാം തീയതി വരെ ചമ്പക്കര മാര്‍ക്കറ്റില്‍ മീന്‍ വെട്ടിക്കൊണ്ടിരുന്ന ഞാന്‍ ഇരുപതാം തിയതി മുതല്‍ വേറൊരാളായി മാറുകയാണ്. ഒരു വല്ലാത്ത മാറ്റം തന്നെയായിരുന്നു അത്. 2016 മെയ് 20ന് കമ്മട്ടിപാടം റിലീസ് ആയിട്ട് ആ മാര്‍ക്കറ്റ് സീനില്‍ വന്ന എന്റെ കൈയടിക്കെടാ എന്ന ഡയലോഗിനെ പ്രേക്ഷകര്‍ എങ്ങനെയെടുക്കും എന്ന പേടിയുണ്ടായിരുന്നു. കയ്യടിക്കടായെന്ന് പറഞ്ഞിടത്ത് കൈയടിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്നൊരു പരാജയം വലുതാണ്.
അത്രയും കാലത്തെ എന്റെ ജീവിതം വെച്ച് നാട്ടുകാര്‍ പോലും കൈയടിക്കാതിരിക്കാനായിരുന്നു സാധ്യത. കൈയടിപ്പിക്കണമെന്ന വാശിയും ആഗ്രഹവുമൊക്കെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്നു. കൈയടിക്കുമോ ഇല്ലയോ എന്ന ടെന്‍ഷന്‍ കാരണം മുള്ളിന്റെ മേലുള്ള അവസ്ഥയായിരുന്നു. ഒടുവില്‍ ആ ഡയലോഗിന് ആളുകള്‍ കൈയടിച്ചപ്പോള്‍ അത്രയും നേരം പിടിച്ചുവെച്ച കരച്ചില്‍ പുറത്തേക്ക് വന്നു,’ മണികണ്ഠന്‍ പറയുന്നു.
മണികണ്ഠന്‍ ആചാരി. Photo: screen grab/ safari Tv/ yotube.com
യാതൊരു വ്യക്തി ബന്ധവുമില്ലാത്ത ആളുകള്‍ തന്റെ പ്രകടനത്തിന് വേണ്ടി കൈയടിക്കുന്നതായിരുന്നു തനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷമെന്നും ഇന്നും ആ കൈയടി തന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.കമ്മട്ടിപ്പാടത്തിന് ശേഷം ദ ഗ്രേറ്റ് ഫാദര്‍, അലമാര, കാര്‍ബണ്‍, കായംകുളം കൊച്ചുണ്ണി, പേട്ട, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Manikandan Aachari talks about his performance in kammattipadam
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ