| Saturday, 3rd March 2018, 4:24 pm

ത്രിപുരയില്‍ ജയിച്ച ഉടന്‍ 'നാടുകടത്തല്‍' തുടങ്ങി; മണിക് സര്‍ക്കാര്‍ കേരളത്തിലോ ബംഗാളിലോ അഭയം തേടണമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയിലെ 25 വര്‍ഷത്തെ സി.പി.ഐ.എം ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് ബി.ജെ.പി അധികാരത്തിലേറാനൊരുങ്ങുന്നത്. 2014-ല്‍ രാജ്യത്തിന്റെ അധികാരം ലഭിച്ച ശേഷം തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരോട് പാകിസ്താനില്‍ പോകാന്‍ പറഞ്ഞിരുന്നു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി.

രാജി വെയ്ക്കാന്‍ ഒരുങ്ങുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിനോടാണ് ബി.ജെ.പിയുടെ അസഹിഷ്ണുത. മണിക് സര്‍ക്കാര്‍ കേരളത്തിലോ പശ്ചിമ ബംഗാളിലോ ബംഗ്ലാദേശിലോ അഭയം തേടണമെന്നാണ് ബി.ജെ.പി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞത്. ത്രിപുര മുഖ്യമന്ത്രിയെ ബംഗ്ലാദേശില്‍ അയയ്ക്കും എന്ന് നേരത്തേ തെരഞ്ഞെടുപ്പിന് മുന്‍പ് ഇദ്ദേഹം പരസ്യമായി പ്രസംഗിച്ചിരുന്നു. ധന്‍പൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഹിമന്ത് ഇക്കാര്യം പറഞ്ഞിരുന്നത്.

“മണിക് സര്‍ക്കാരിന് ഇനി വെറും മൂന്ന് വഴികള്‍ മാത്രമേയുള്ളൂ. ഒന്നുകില്‍ ചെറിയ രീതിയിലെങ്കിലും സി.പി.ഐ.എമ്മിന് സാന്നിധ്യമുള്ള പശ്ചിമ ബംഗാളിലേക്ക് പോവാം. കേരളത്തില്‍ സി.പി.ഐ.എം ഇപ്പോഴും ഭരണത്തിലുണ്ട്. ഇനി മൂന്ന് വര്‍ഷം കൂടിയേ ആ ഭരണമുണ്ടാവൂ. അതിനാല്‍ വേണമെങ്കില്‍ കേരളത്തിലേക്ക് പോവാം. ഇതൊന്നുമല്ലെങ്കില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പോവം.” -ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞു.

അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ത്രിപുര മുഖ്യമന്ത്രിയകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പച്ചക്കൊടി കാണിച്ചാല്‍ ബിപ്ലവ് തന്നെയാകും സത്യപ്രതിജ്ഞ ചെയ്യുക. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നാണ് ബിപ്ലബ് കുമാര്‍ നിയമസഭയിലേക്ക് എത്തുന്നത്. ബി.ജെ.പിയുടെ നേട്ടത്തിനു പിന്നില്‍ ഇദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. അതിനാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിപ്ലവിന് എതിരാളികള്‍ കുറവാണ്. പല സര്‍വ്വേകളിലും ജനപ്രിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതും ഈ 48-കാരനാണ്.


ചിത്രം: ഹിമന്ത് ബിശ്വ ശര്‍മ്മ, മണിക് സര്‍ക്കാര്‍

Latest Stories

We use cookies to give you the best possible experience. Learn more