ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍.
കെ.സി. വേണുഗോപാലിനെ പോലുള്ള റൗഡികളാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കസേരയില്‍ ഇരിക്കുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ന്യൂസ് 18നോട് സംസാരിക്കുന്നതിനിടെയായിരുന്നു മണിശങ്കറിന്റെ പരാമര്‍ശം.
ഇതുവരെയുള്ളതില്‍ വെച്ച് കോണ്‍ഗ്രസിന്റെ ഏറ്റവും മോശം സംഘടനാകാര്യ സെക്രട്ടറിയാണ് കെ.സി. വേണുഗോപാലെന്നും മണിശങ്കര്‍ പറഞ്ഞു.
ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് കേരളത്തില്‍ യു.ഡി.എഫ് ജയിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഒരു ഗാന്ധിയന്‍ എന്ന നിലയ്ക്ക് സത്യം പറയാനേ തനിക്ക് കഴിയൂ. പിണറായി വിജയന്റേത് മികച്ച ഭരണമാണെന്ന് പ്ലാനിങ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നും മനസിലായെന്നും മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചു.
നിലവിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള ഭരണം കേരളമോ ഇന്ത്യയോ ഇതുവരെ കണ്ടിട്ടില്ലെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേത് ഒരു മാര്‍ക്‌സിസ്റ്റ് സര്‍ക്കാരാണെങ്കിലും രാജീവിയന്‍ സര്‍ക്കാരാണെന്നും മണിശങ്കര്‍ പറഞ്ഞു. പഞ്ചായത്തീരാജ് മികച്ച രീതിയില്‍ നടപ്പാക്കുന്ന സര്‍ക്കാരാണെന്ന പ്രശംസയുമുണ്ട്.
ഇന്ത്യന്‍ ഭരണഘടനയിലെ 64 , 73 എന്നീ ഭേദഗതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മണിശങ്കറിന്റെ പ്രശംസ. തന്റെ പ്രസ്താവന ഇടത് സര്‍ക്കാരിനെ സഹായിക്കാനല്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാനിപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല. എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആണ്. പക്ഷെ എന്നെ പുറത്താക്കിയെന്നാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞത്. എന്നാല്‍ എന്റെ ജീവിതത്തില്‍ നിന്ന് തന്നെ ഖേരയെ ഇന്ന് പുറത്താക്കുകയാണ്,’ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
Content Highlight: Mani Shankar Aiyar criticized KC Venugopal