| Tuesday, 6th January 2026, 7:32 pm

ജോസ് കെ. മാണിയല്ല, ആര് എതിരെ നിന്നാലും 20,000 വോട്ടിന്റെ ലീഡില്‍ വിജയിക്കും: മാണി സി. കാപ്പന്‍

ആദര്‍ശ് എം.കെ.

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍. തെരഞ്ഞെടുപ്പില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എതിരാളി ജോസ് കെ. മാണിയോ മറ്റാര് തന്നെ ആയാലും പാലായില്‍ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണി സി. കാപ്പന്‍. Photo: Facebook

ഈ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാന കാരണം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ ടൗണില്‍ മാത്രമല്ല, ഗ്രാമങ്ങളിലെ റോഡുകള്‍, ആശുപത്രികള്‍, പാലങ്ങള്‍ എന്നിവയുടെ വികസനത്തിനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ജനം ഇത് വോട്ടിലൂടെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടകം തന്നെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യു.ഡി.എഫിലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ ആര്‍.എസ്.പിയും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ജയസാധ്യതയില്ലാത്ത സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഷിബു ബേബി ജോണ്‍. Photo: Facebook

ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും. പ്രധാനമായും ആറ്റിങ്ങല്‍, മട്ടന്നൂര്‍ സീറ്റുകള്‍ വേണ്ടെന്ന് വെക്കാനാണ് പാര്‍ട്ടി തീരുമാനം. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് ചവറയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരവിപുരത്തെ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെറും ആഗ്രഹം മാത്രമാണെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.പിയുടെ ഈ നിലപാടിനെ മാണി സി. കാപ്പന്‍ പിന്തുണച്ചു. ഓരോ പാര്‍ട്ടിക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും അതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Mani C. Kappan says he will contest as a UDF candidate in the Pala constituency in the upcoming assembly elections.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more