| Friday, 5th October 2012, 8:00 pm

ശക്തരില്‍ ശക്തന്‍, എതിരാളികള്‍ക്കൊരു പോരാളി ഡിങ്കന്‍ ഇനിയില്ല, ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പണ്ട് പണ്ട് സ്‌പൈഡര്‍ മാനും സൂപ്പര്‍മാനും കേരളത്തിലേക്ക് പറന്നിറങ്ങുന്നതിന് മുമ്പ് കേരളത്തിലെ കുഞ്ഞു മനസ്സുകളിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായിരുന്ന ഡിങ്കനും നമ്പോലനും ഓര്‍മമാത്രമാകുന്നു. ഡിങ്കനെയും ശക്കതി മരുന്നിലെ നമ്പോലനെയും വൈദ്യരേയും “കൂട്ടുകാര്‍ക്കിടയില്‍” കൊണ്ടുവന്ന ബാല മംഗളം പ്രസിദ്ധീകരണം അവസാനിപ്പിക്കുകയാണ്. സര്‍ക്കുലേഷന്‍ കുറഞ്ഞതും വായിക്കാന്‍ കൂട്ടുകാര്‍ ഇല്ലാത്തതുമാണ് പ്രസിദ്ധീകരണം നിര്‍ത്താന്‍ മംഗളം മാനേജ്‌മെന്റ് തീരുമാനിച്ചത്.[]

കൂട്ടുകാര്‍ക്ക് ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും കൂടുതല്‍ കരുത്തരും സുന്ദരന്മാരുമായ ഹീറോകളെ കിട്ടിയപ്പോള്‍ പഴയ എലിയേയും കുരങ്ങനെയും മായാവിയേയുമൊക്കെ എല്ലാവരും മറന്നുപോയി.

ഒരുകാലത്ത് കേരളത്തിലെ കുട്ടികളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അവര്‍ വിളിച്ചിരുന്നത് മസില്‍ വീര്‍പ്പിച്ച എലിയേയും വാല് നീട്ടുന്ന കുരങ്ങനെയുമൊക്കെയാണെന്നറിയുമ്പോള്‍ ഇനി വരുന്ന തലമുറ ചിരിച്ചേക്കും.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അരങ്ങ് വാണതോടെയാണ് ബാല പ്രസിദ്ധീകരണങ്ങളുടെ കണ്ടകശനി ആരംഭിക്കുന്നത്.

പൂമ്പാറ്റയിലൂടെ കപീഷ് അരങ്ങ് വാണിരുന്ന സമയത്താണ് ഡിങ്കനുമായി ബാലമംഗളം എത്തുന്നത്. എല്ലാവരുടെയും രക്ഷകനായി ഡിങ്കന്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് മായാവിയുമായി ബാലരമ എത്തുന്നത്. മാനിനേയും മുയലിനേയും രക്ഷിക്കുന്ന ഡിങ്കനേക്കാളും രാധയേയും രാജുവിന്റെയും കൂട്ടുകാരനായ മായാവിയുമായി കൂട്ടുകാര്‍ പെട്ടന്ന് അടുത്തു.

പിന്നാലെ വന്ന ശക്തി മരുന്നിലെ നമ്പോലനേയും, ശിക്കാരി ശംഭു, ജമ്പനും തുമ്പനും, ഇന്‍സ്‌പെക്ടര്‍ വിക്രം, സൂത്രന്‍ തുടങ്ങിയവരെല്ലാം കൂട്ടുകാരുടെ പ്രിയ്യപ്പെട്ട കഥാപാത്രങ്ങളായി.

എന്നാലും ഇവരില്‍ നിന്നെല്ലാം പങ്കിലക്കാട്ടില്‍ നിന്ന് അച്ഛനോടും അമ്മയോടും പിണങ്ങി വീടുവിട്ടു പോയ കുഞ്ഞനെലിയോട് കൂട്ടുകാര്‍ക്കെല്ലാം പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ഇതിന് തെളിവാണ് പഴയ കൂട്ടുകാരെല്ലാം വലുതായപ്പോള്‍ പുതിയ മാധ്യമമായ ഫേസ്ബുക്കിലൂടെ തങ്ങളുടെ പഴയ ചങ്ങാതിക്ക് വേണ്ടി പേജുകളും കമ്യൂണിറ്റികളുമുണ്ടാക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more