രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് സൂപ്പര്‍ താരം മന്‍ദീപ് സിങ് കയ്യടി നേടുന്നത്. സര്‍വീസസിനെതിരായ മത്സരത്തില്‍ ത്രിപുരയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്ന് സിങ് ആരാധകര്‍ക്ക് കാണിച്ചുകൊടുത്തത്. 130 പന്തില്‍ 124 റണ്‍സാണ് താരം നേടിയത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ സിങ്ങിന്റെ 16ാം സെഞ്ച്വറി നേട്ടമാണിത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മന്‍ദീപ് സിങ് തങ്ങളുടെ വൈറ്റ് ബോള്‍ പദ്ധതികളുടെ ഭാഗമാകില്ലെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയത്. ഇതോടെ താരം ത്രിപുരയെ പ്രതിനിധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ വിരമിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കളിക്കാനാണ് പല താരങ്ങളും ശ്രമിച്ചത്. എന്നാല്‍ മന്‍ദീപ് ഡൊമസ്റ്റിക് സര്‍ക്യൂട്ടിന്റെ ഭാഗമായി തുടരുകയായിരുന്നു.
രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്നും 101.75 ശരാശരിയില്‍ 407 റണ്‍സാണ് മന്‍ദീപ് സ്വന്തമാക്കിയത്. വിജയ് ഹസാരെയില്‍ കളിച്ച ആറ് ഇന്നിങ്‌സില്‍ നിന്നും 325 റണ്‍സ് നേടിയ താരം വിമരിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ്.
തന്റെ പ്രായത്തിലുള്ള താരങ്ങള്‍ വിരമിക്കുന്നത് കണ്ട് ഞെട്ടിയെന്നും എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പിന്നീട് മനസിലായെന്നും മന്‍ദീപ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഐ.പി.എല്‍ വളരെ വലിയ ഒരു ഘടകമാണെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ക്ക് ഐ.പി.എല്ലില്‍ ഏതെങ്കിലും ടീമുമായി കരാറില്ലെങ്കില്‍ നിങ്ങളുടെ കരിയര്‍ ഫലത്തില്‍ അവസാനിച്ചു എന്ന് കരുതാം.
വിരമിച്ച താരങ്ങള്‍ക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റുകളുണ്ട്. 15-20 ദിവസങ്ങളുടെ ടൂര്‍ണമെന്റില്‍ കളിച്ച് ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കും. നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചവരാണെങ്കില്‍ വര്‍ഷത്തില്‍ ഒരു കോടി രൂപ എളുപ്പം നേടാനാകും. ഒരുപക്ഷേ ഒരു കാരണം ഇതായിരിക്കാം, അല്ലെങ്കില്‍ അവരിലെ ഫയര്‍ ഇപ്പോള്‍ ഉണ്ടാകണമെന്നില്ല,’ സിങ് പറഞ്ഞു.
ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും അടക്കം നാല് ടീമുകള്‍ക്കായി കളത്തിലിറങ്ങിയ താരമാണ് മന്‍ദീപ് സിങ്. എന്നാല്‍ 2023 മുതല്‍ ഐ.പി.എല്‍ ടീമുകള്‍ താരത്തെ ടീമിലെടുക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല.
2016ല്‍ സിംബാബ്‌വേക്കെതിരെ ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് മന്‍ദീപ് സിങ് അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ മൂന്ന് ടി-20യില്‍ നിന്നും 87 റണ്‍സാണ് താരം സ്വന്തമാക്കിയത്. പുറത്താകതെ നേടിയ അര്‍ധ സെഞ്ച്വറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
ആഭ്യന്തര തലത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ കളിച്ച 104 മത്സരത്തില്‍ നിന്നും അന്‍പതിനോട് അടുത്ത് ശരാശരിയില്‍ 6,855 റണ്‍സാണ് സിങ് സ്വന്തമാക്കിയത്. 16 സെഞ്ച്വറിക്ക് പുറമെ 38 അര്‍ധ സെഞ്ച്വറിയും താരം നേടിയിരുന്നു.
Content Highlight: Mandeep Singh on why domestic cricketers are retiring early