തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും ജോലി-കുടുംബ ജീവിതത്തിലെ സന്തുലനത്തിനും പ്രത്യേക പരിഗണന നല്‍കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. ഇതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കാനും കുട്ടികളുടെ ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ പ്രധാന കുടുംബ അവസരങ്ങളില്‍ അവധി അനുവദിക്കാനും നിര്‍ദേശം. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പൊലീസാണ് നിര്‍ദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സേവനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് വിധേയമായി ഊഴമനുസരിച്ച് ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണം. ഓരോ പൊലീസ് സ്റ്റേഷനിലും ആവശ്യമായ അംഗബലവും മേല്‍നോട്ട സംവിധാനവും നിലനിര്‍ത്തിക്കൊണ്ട് ഡ്യൂട്ടി റോസ്റ്റര്‍ തയ്യാറാക്കി അവധി ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എസ്.എച്ച്.ഒ അവധിയെടുക്കുന്ന സാഹചര്യത്തില്‍ നിയോഗിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന് പൊലീസ് സ്റ്റേഷന്റെ ചുമതല ഏല്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കുട്ടികളുടെ ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ പ്രധാന കുടുംബ അവസരങ്ങളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കണം. യഥാര്‍ത്ഥ അടിയന്തര സാഹചര്യമോ ഒഴിവാക്കാനാകാത്ത ഡ്യൂട്ടി ആവശ്യകതയോ ഉള്ള സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരം അവധി നിരസിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
അവധി നിരസിക്കുന്ന പക്ഷം വ്യക്തമായ കാരണം രേഖപ്പെടുത്തണമെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പൊലീസ് (ക്രമസമാധാനം) പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം, മനോവീര്യം, സൗഖ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ജോലി സംബന്ധമായ സമ്മര്‍ദം കുറയ്ക്കുന്നതിനും കുടുംബപിന്തുണ ശക്തിപ്പെടുത്തുന്നതിനുമാണ് നടപടികള്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ പ്രചോദിതവും മാനുഷികവും ഫലപ്രദവുമായ പൊലീസ് സേനയെ വാര്‍ത്തെടുക്കുന്നതിനും ഇത് സഹായകമാകുമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Content Hightlight: Mandatory weekly day off for police personnel; permission granted for special leave to spend important days with family.