| Wednesday, 21st October 2026, 9:52 pm

എഴുതുന്ന സമയത്ത് വെട്രിമാരന്‍ സാര്‍ അക്കൗണ്ടിലേക്ക് അമ്പതിനായിരം അയച്ചുതന്നു, അങ്ങനെയാണ് കടല്‍ എക്‌സ്‌പ്ലോര്‍ ചെയ്തത്: മണ്ടാടി സംവിധായകന്‍

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ് പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ച ട്രാന്‍സ്ഫോമേഷനായിരുന്നു സൂരിയുടെത്. കോമഡി നടനായി കരിയര്‍ ആരംഭിച്ച സൂരി ഏറെക്കാലം ഹാസ്യവേഷങ്ങളില്‍ തുടരുകയും പിന്നീട് വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിലൂടെ സീരിയസ് കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് താരം തെളിയിക്കുകയായിരുന്നു. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേശനായുള്ള പ്രകടനം സൂരിയ്ക്ക് വലിയ പ്രശംസ നേടി നല്‍കിയിരുന്നു.

താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ മണ്ടാടിയ്ക്ക് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണം ലഭിക്കുകയും പിന്നാലെ ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം 130 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. മണ്ടാടിയ്‌ക്കൊപ്പം ക്ലാഷിനെത്തിയ കാര്‍ത്തിയുടെ സര്‍ദാരിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ചിത്രത്തിന്റെ കുതിപ്പ്.

മണ്ടാടി. Photo: X.com

2022ല്‍ പുറത്തിറങ്ങിയ സെല്‍ഫി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മതിമാരന്‍ പുഗഴേന്തിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മണ്ടാടി എന്ന ചിത്രത്തിന്റെ നാള്‍വഴികളെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘മണ്ടാടിയുടെ തിരക്കഥ എഴുതുന്ന ഘട്ടത്തില്‍ തന്നെ, ഈ സിനിമയില്‍ സൂരി സാര്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ക്ക് മറ്റൊരു ഓപ്ഷനും ഉണ്ടായിരുന്നില്ല. കടലിനെക്കുറിച്ച് മനസിലാക്കാനും കഥ കണ്ടെത്തുന്നതിനുമായി സംവിധായകന്‍ വെട്രിമാരന്‍ സാര്‍ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപ അയച്ചുനല്‍കി. അങ്ങനെയാണ് കടലിനെയും ആ ലോകത്തെയും ഞാന്‍ അടുത്തറിയുന്നത്.

തുടക്കത്തില്‍, ‘മദര്‍ സ്‌ക്രിപ്റ്റ്’ എന്ന് വിളിക്കാവുന്ന മറ്റൊരു തിരക്കഥ എന്റെ അടുത്ത് ഉണ്ടായിരുന്നു. വിജയ് സേതുപതിയെ വെച്ച് അത് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് എല്‍റെഡ് കുമാര്‍ ഒരു സിനിമ ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചു. അപ്പോള്‍ വെട്രിമാരന്‍ സാറാണ് പറഞ്ഞത് ആ ‘മദര്‍ സ്‌ക്രിപ്റ്റില്‍’ ഉണ്ടായിരുന്ന ബോട്ട് റേസിങ് എന്ന ഘടകം മാത്രം എടുത്ത് സിനിമയാക്കാന്‍.

മണ്ടാടി. Photo: X.com

അത് നന്നാവുമെന്ന് എല്‍റെഡ് കുമാര്‍ സാറും പറഞ്ഞു. പഴയ തിരക്കഥയില്‍, ബോട്ട് റേസിങ് കഥയുടെ ഒരു ഭാഗം മാത്രമായിരുന്നു. പിന്നീട് സൂരി സാര്‍ വന്നപ്പോള്‍, ഞാന്‍ അദ്ദേഹത്തോട് കഥയുടെ സംഗ്രഹം പറയുകയും, തുടര്‍ന്ന് സിനിമയ്ക്കായി തിരക്കഥ വികസിപ്പിച്ചെടുക്കുകയും ചെയ്തു,’ മതിമാരന്‍ പറഞ്ഞു.

Content Highlight: Mandaadi director Mathimaran Pugazhendhi talks about director Vetrimaran

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more