മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് മൈക്കല്‍ കാരിക്കിനെ പുറത്താക്കി. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മാറ്റം അനിവാര്യമാണെന്ന കടുത്ത തീരുമാനത്തിലേക്കാണ് മാനേജ്‌മെന്റ് എത്തിയതെന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
‘ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മാറ്റം അനിവാര്യമാണെന്ന വളരെ പ്രയാസകരമായ തീരുമാനത്തിലേക്ക് ക്ലബ് എത്തിയിരിക്കുകയാണ്,’ പ്രസ്താവനയില്‍ പറയുന്നു.
കാരിക്കിന്റെ ഭാവിയെക്കുറിച്ച് ഓള്‍ഡ് ട്രാഫോര്‍ഡിലെ ആരാധകര്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് പരിശീലകന്റെ പുറത്താക്കല്‍ . മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡറായ കാരിക്കിന് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു.
കഴിഞ്ഞ സീസണില്‍ താത്കാലികമായി ചുമതലയേറ്റെടുത്ത അദ്ദേഹത്തിന്റെ കരാര്‍ നീട്ടുന്നതില്‍ ആരാധകരുടെ പിന്തുണയും ഒരു ഘടകമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഗില്‍ മൂന്നാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ക്ലബ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു.
എന്നാല്‍ ഈ സീസണില്‍ ലീഗില്‍ ടീമിന് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. പത്ത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയം മാത്രമായി ലീഗ് ടേബിളില്‍ 18ാമതാണ് ഇപ്പോള്‍ ടീം.
എന്നാല്‍ ഒക്ടോബര്‍ 25ന് ബോണ്‍മൗത്തിനോട് 30ന് തോറ്റതുമുതല്‍ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നു. വിശദമായ ആലോചനകള്‍ക്കൊടുവില്‍ കാരിക്കിന് മൂന്ന് മത്സരങ്ങള്‍ കൂടി നല്‍കാനാണ് യുണൈറ്റഡ് നേതൃത്വം തീരുമാനിച്ചത്. സമ്മര്‍ വിന്‍ഡോയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ നല്‍കി നിയമിച്ച പരിശീലകന് തന്റെ അര്‍ഹത സ്ഥിരീകരിക്കാന്‍ അവസാന അവസരം നല്‍കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലെ ഫലങ്ങള്‍ കാരിക്കിന്റെ പരിശീലക കാലയളവിന്റെ അസ്ഥിരതയാണ് വ്യക്തമാക്കിയത്. ഒരു തോല്‍വി, ഒരു ജയം, ഒരു സമനില എന്നിങ്ങനെയായിരുന്നു ഫലങ്ങള്‍.
ചെല്‍സിക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ യുണൈറ്റഡ് പിന്നീട് തകര്‍ന്നടിഞ്ഞു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ സമീപകാലത്ത് കണ്ട ഏറ്റവും മോശം ആദ്യ പകുതികളിലൊന്നിന് ശേഷം തിരിച്ചെത്തിയ ടീം യു.സി.എല്ലില്‍ റോമയെ പരാജയപ്പെടുത്തി. എന്നാല്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ ഞായറാഴ്ചത്തെ 98 മിനിറ്റ് നീണ്ട ആവേശകരമായ മത്സരത്തില്‍ ഈ മൂന്ന് മത്സരങ്ങളിലെയും അസ്ഥിരതയും ആശയക്കുഴപ്പവും ഒരുമിച്ചുകണ്ടു.
ഇന്‍ജുറി ടൈമില്‍ നേടിയ രണ്ട് ഗോളുകളുടെ ബലത്തില്‍ സമനില പിടിച്ചെങ്കിലും ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ ഹോം മത്സരം കാരിക്കിന്റെ പരിശീലകസ്ഥാനത്തിന് നിര്‍ണായകമായി. മത്സരം തുടങ്ങി ആദ്യ അഞ്ച് മിനിട്ടില്‍ തന്നെ ടീം രണ്ട് ഗോള്‍ വഴങ്ങിയിരുന്നു.
കാരിക്കിന് ടീമിന്റെ പ്രകടനത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നില്ല എന്നതാണ് ഈ മൂന്ന് മത്സരങ്ങളിലും പൊതുവായി കാണാനായത് എന്നാണ് വിലയിരുത്തല്‍. ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ നിയന്ത്രണംവിട്ട പെരുമാറ്റം, സിയോണ്‍ സുസുക്കിയുടെ പന്ത് കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍, അനുകൂലമായി ലഭിച്ച ചില പെനാല്‍റ്റി തീരുമാനങ്ങള്‍, എന്നിവയെല്ലാം ടീമിന്റെ പ്രകടനത്തില്‍ കാരിക്കിനെക്കാള്‍ വലിയ സ്വാധീനം ചെലുത്തിയെന്നാണ് വിദഗ്ധാഭിപ്രായം.
പ്രതിസന്ധിയിലായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കരകയറ്റാന്‍ നിയോഗിക്കപ്പെട്ട കാരിക്കിന് ടീമിന്റെ നിയന്ത്രണം നഷ്ടമായെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. എന്നാല്‍ ഈ നിസ്സഹായാവസ്ഥയിലേക്ക് വീഴുന്ന ആദ്യ പരിശീലകനല്ല കാരിക്ക്. ക്ലബ്ബിന്റെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ അവസാനത്തെയാളും അദ്ദേഹമായിരിക്കില്ല.
2024ല്‍ രണ്ട് സീസണ്‍ പരിശീലിപ്പിച്ച എറിക് ടെന്‍ ഹാഗിനെ പുറത്താക്കിയ ശേഷം സ്ഥിരമായോ താത്കാലികമായോ എത്തുന്ന നാലാമത്തെ പരിശീലകനാണ് കാരിക്ക്.
Content Highlight: Manchester United sacked Manager Michael Carrick.