നിലവിലെ ഐ.പി.എല്‍, ഡബ്ല്യു.പി.എല്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സിനെ സ്വന്തമാക്കാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസേഴ്‌സ് കുടുംബം ബിഡ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സ്റ്റേറ്റ് ഓഫ് പ്ലേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗ്ലേസേഴ്‌സ് കുടുംബത്തിലെ അവ്റാം ഗ്ലേസേറുടെ ലാന്‍സര്‍ ക്യാപിറ്റലാണ് ബിഡ് സമര്‍പ്പിച്ചിട്ടുള്ളത്. 1.8 ബില്യണ്‍ ഡോളറിന്റെ അഥവാ ഏകദേശം 16321 കോടി രൂപയുടെ നോണ്‍ ബൈന്‍ഡിങ് ബിഡാണ് സമര്‍പ്പിച്ചതെന്നാണ് വിവരം.
ഐ.പി.എല്ലിന് പുറമെ, ഡബ്ല്യു.പി.എല്‍ കിരീടവും ആര്‍.സി.ബി സ്വന്തമാക്കിയതോടെയാണ് ഗ്ലേസേഴ്‌സ് കുടുംബത്തില്‍ ഫ്രാഞ്ചൈസിയില്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ആര്‍.സി.ബി ദല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് തങ്ങളുടെ രണ്ടാം ഡബ്ല്യു.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു.
ഗ്ലേസേഴ്‌സ് കുടുംബത്തിന് പുറമെ മറ്റ് എട്ട് പാര്‍ട്ടികളും നോണ്‍ ബൈന്‍ഡിങ് ആര്‍.സി.ബിയ്ക്ക് വേണ്ടി ബിഡ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സ്റ്റേറ്റ് ഓഫ് പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദര്‍ പൂനാവാല, ഡോ. രഞ്ജന്‍ പൈ, പ്രേംജി ഇന്‍വെസ്റ്റ് എന്നിവരാണ് ആര്‍.സി.ബി വാങ്ങാന്‍ ബിഡ് സമര്‍പ്പിച്ചവരില്‍ പ്രധാനികള്‍. അതില്‍ നിന്ന് മറ്റ് നാല് ബിഡുകള്‍ക്കൊപ്പം ഗ്ലേസേഴ്‌സിന്റെ പേരും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ, 2026 ഐ.പി.എല്ലിന് മുന്നോടിയായി നിലവിലെ ആര്‍.സി.ബി ഉടമസ്ഥരായ ഡിയാജിയോയുടെ നിയന്ത്രണത്തിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് ടീം വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടനത്തിന് ശേഷമാണ് ടീം വില്‍ക്കുന്നവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
2025 ഐ.പി.എൽ ട്രോഫിയുമായി ആർ.സി.ബി പുരുഷ ടീം. Photo: Royal Challengers Bengaluru/x.com
അതേസമയം, ഇത് ആദ്യമായല്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു ഐ.പി.എല്‍ ടീമില്‍ താത്പര്യം പ്രകടപ്പിക്കുന്നത്. 2021ല്‍ ടൂര്‍ണമെന്റിലെ പുതിയ രണ്ട് ടീമുകള്‍ക്കായുള്ള ലേലത്തിലും ഗ്ലേസേഴ്‌സ് പങ്കെടുത്തിരുന്നു. പക്ഷേ, അന്ന് കുറഞ്ഞ തുക ബിഡ് ചെയ്തതിനാല്‍ പരാജയപ്പെടുകയായിരുന്നു.
ആര്‍.സി.ബിയ്ക്ക് പുറമെ രാജസ്ഥാന്‍ റോയല്‍സിനെയും സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഒന്നിലധികം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്താന്‍ ബി.സി.സി.ഐ നിയമം അനുവദിക്കുന്നില്ല.
Content Highlight: Manchester United owners submit bid for buy Royal Challengers Bengaluru