| Monday, 31st August 2026, 7:05 am

ലിവര്‍പൂള്‍ വീണു; ഫൈവ് സ്റ്റാറില്‍ തലപ്പത്തേക്ക് പറന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

സുദേവ് എ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇപ്‌സ്വിച് ടൗണിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സ് തകര്‍ത്തത്.

സീസണിലെ ആദ്യ മത്സരത്തില്‍ പ്രമോഷന്‍ നേടിയെത്തിയ ഹള്‍ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകളുടെ ഞെട്ടിക്കുന്ന തോല്‍വി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരുത്ത് കാട്ടിയത്.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അനുകൂലമായി ജേക്കബ് ഗ്രിബ്സ് ഓണ്‍ ഗോള്‍ നേടിയിരുന്നു. മറ്റൊരു ഓണ്‍ ഗോള്‍ കൂടി മാഞ്ചസ്റ്ററിന്റെ അക്കൗണ്ടില്‍ എത്തിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ ഗോളുകള്‍ ലഭിക്കുന്ന ടീമായും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാറി.

80 ഓണ്‍ ഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചത്. 79 ഓണ്‍ ഗോളുകളുമായി ഒന്നാമതുണ്ടായിരുന്ന ലിവര്‍പൂളിനെ താഴെയിറക്കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തിയത്.

അതേസമയം ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക് കരുത്തിലാണ് മാഞ്ചസ്റ്ററിന്റെ വമ്പന്‍ ജയം. മത്സരത്തിന്റെ 40, 61, 68 എന്നീ മിനിട്ടുകളിലായിരുന്നു ബ്രൂണോയുടെ ഹാട്രിക് പിറന്നത്. ഇപ്‌സ്വിച് ടൗണ്‍ താരത്തിന്റെ ഓണ്‍ ഗോളും ബ്രയാന്‍ എംബ്യൂമോയുടെ ഗോളും മാഞ്ചസ്റ്ററിന്റെ വിജയം അധികാരികമാക്കി. ലീഫ് ഡേവിസ്, ചൂബ അക്‌പോം എന്നിവരാണ് ഇപ്‌സ്വിച് ടൗണിനായി ഗോളുകള്‍ നേടിയത്.

കളിക്കളത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും വ്യക്തമായ ആധിപത്യം സൃഷ്ടിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു.60 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ റെഡ് ഡെവിള്‍ഡ്സ് 28 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്.

ഇതില്‍ 11 ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്കും ആയിരുന്നു. മറുഭാഗത്ത് ഏഴ് ഷോട്ടുകളില്‍ നിന്നും അഞ്ച് ഷോട്ടുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഇപ്‌സ്വിച് ടൗണിന് സാധിച്ചു.

ഈ സീസണിലെ ആദ്യ വിജയത്തോടെ മൂന്ന് പോയിന്റുമായി ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബ്രൂണോ ഫെര്‍ണാണ്ടസും സംഘവും. പ്രിമീയര്‍ ലീഗില്‍ സെപ്റ്റംബര്‍ ആറിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരത്തിനിറങ്ങുന്നത്. എവര്‍ട്ടണ്‍ ആണ് ടീമിന്റെ എതിരാളികള്‍.

2012-13 സീസണിന് ശേഷം ഇംഗ്ലീഷ് ഫുട്ബോളിന്റെ നെറുകയിലെത്താനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Manchester United have become the team with the most own goals in the history of the English Premier League

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more