| Sunday, 21st September 2025, 7:29 am

മൂന്ന് ഗോള്‍, രണ്ട് റെഡ് കാര്‍ഡ്! ത്രില്ലറില്‍ ചെല്‍സിയെ തകര്‍ത്ത് യുണൈറ്റഡ്

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ യുണൈറ്റഡ് ചെല്‍സിയെ തോല്‍പ്പിച്ചത്. രണ്ട് ടീമുകളും പത്ത് പേരായി ചുരുങ്ങിയ ത്രില്ലറില്‍ അവസാന നിമിഷങ്ങളില്‍ ചെൽസി തിരിച്ച് വരവിന് ശ്രമം നടത്തിയെങ്കിലും റെഡ് ഡെവിള്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരം തുടങ്ങി അഞ്ച് മിനിറ്റില്‍ തന്നെ ചെല്‍സി പത്ത് പേരായി ചുരുങ്ങിയിരുന്നു. റോബര്‍ട്ട് സാഞ്ചസാണ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത്. യുണൈറ്റഡ് താരം ബ്രയാന്‍ എംബ്യൂമോയെ ചലഞ്ച് ചെയ്തതിനാണ് താരത്തിന് കാര്‍ഡ് ലഭിച്ചത്. അതോടെ ദി ബ്ലൂസ് പതറി.

ഏറെ വൈകാതെ ഈ അവസരം മുതലാക്കി യുണൈറ്റഡ് ഗോള്‍ നേടി. ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്. 14ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. അതോടെ ഓള്‍ഡ് ട്രാഫോഡിലെ ആരാധകര്‍ക്ക് ആവേശമായി.

ആദ്യ പകുതില്‍ തന്നെ യുണൈറ്റഡ് തങ്ങളുടെ രണ്ടാം ഗോളും നേടി. ഇത്തവണ കാസിമിറോയുടേതായിരുന്നു ഗോള്‍. 37ാം മിനിറ്റിലായിരുന്നു താരം റെഡ് ഡെവിള്‍സിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്.

ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ താരം രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് താരം മടങ്ങി. സാന്റോസിനെ ചലഞ്ച് ചെയ്തതിനായിരുന്നു കാസിമിറോ വീണ്ടും യെല്ലോ കാര്‍ഡ് കണ്ടത്.

ചെല്‍സിയും യുണൈറ്റഡും പത്ത് പേരുമായാണ് ശേഷിക്കുന്ന മത്സരം കളിച്ചത്. യുണൈറ്റഡ് കൂടി ഒരു താരത്തെ നഷ്ടമായതോടെ ചെല്‍സി തിരിച്ച് വരവിന് ശ്രമങ്ങള്‍ നടത്തി. നിരവധി മുന്നേറ്റങ്ങള്‍ നടത്തി ഒടുവില്‍ അവര്‍ പന്ത് വലയിലെത്തിച്ചു.

80ാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. ട്രെവോ ചാലോബയാണ് പന്ത് വലയിലെത്തിച്ചത്. പിന്നെയും ഇരുടീമുകളും പന്തുമായി കുതിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡ് അതേ പോലെ തുടര്‍ന്നു.

ഏറെ വൈകാതെ ഫൈനല്‍ വിസിലെത്തി. അതോടെ യുണൈറ്റഡിന് 2023ന് ശേഷം ആദ്യമായി തുടര്‍ച്ചയായ രണ്ട് വിജയം സ്വന്തമാക്കാനായി.

Content Highlight: Manchester United defeated Chelsea in English Premier League after both teams reduced to 10 players

We use cookies to give you the best possible experience. Learn more