ചാമ്പ്യന്‍സ് ലീഗില്‍ ഹോം മത്സരത്തില്‍ നാപോളിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് വമ്പന്മാരുടെ വിജയം. പത്ത് പേരായി ചുരുങ്ങിയ ഇറ്റാലിയന്‍ ക്ലബിന് മേല്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചാണ് ഇത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടും ബെല്‍ജിയം യുവതാരം ജെറെമി ഡോക്കുവുമാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ഇരുവരുടെയും ഗോളുകള്‍ പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
56ാം മിനിട്ടില്‍ ഹാലണ്ടാണ് ആദ്യം പന്ത് വലയിലെത്തിച്ചത്. ഫില്‍ ഫോഡന്‍ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഏറെ വൈകാതെ ഡോക്കുവും നാപോളിയുടെ വല തുളച്ചു. 65ാം മിനിട്ടിലെ ടീമിന്റെ വിജയഗോളിന് ടിജാനി റെയ്ജന്‍ഡേഴ്സിന്റെ വകയായിരുന്നു അസിസ്റ്റ്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയ നാപോളിക്ക് യാതൊരു അവസരവും നല്‍കാതെയായിരുന്നു ഗ്രൗണ്ടില്‍ സിറ്റിയുടെ മുന്നേറ്റങ്ങളത്രയും. 21ാം മിനിട്ടില്‍ തന്നെ ഇറ്റാലിയന്‍ ടീമിന് അവരുടെ പ്രധാന താരങ്ങളില്‍ ഒരാളായ ഡി ലോറെന്‍സോയെ നഷ്ടമായിരുന്നു. ഹാലണ്ടിനെ ചലഞ്ച് ചെയ്തതിന് താരം റെഡ് കാര്‍ഡ് കണ്ടതോടെയാണ് ടീമിന് പത്ത് പേരുമായി കളിക്കേണ്ടി വന്നത്.
ഒരാളെ നഷ്ടമായതോടെ നാപോളിയുടെ മുന്നേറ്റങ്ങള്‍ക്കും മൂര്‍ച്ച കുറഞ്ഞു. അത് മുതലെടുത്ത് സിറ്റി കളിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. കൂടെ, തങ്ങളുടെ ഹോം ഗ്രൗണ്ടും ആരാധകരും എന്ന ആനുകൂല്യവും സിറ്റി താരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി.
നാപോളിക്കെതിരെ തങ്ങളുടെ തട്ടകത്തിലെ മത്സരത്തില്‍ സിറ്റി 23 ഷോട്ടുകളാണ് എടുത്തത്. 74 ശതമാനം പന്ത് കൈവശം വെച്ചായിരുന്നു സിറ്റിയുടെ ഈ നരനായാട്ട്. അതേസമയം, നാപോളിയുടെ ഭാഗത്ത് നിന്ന് ഒരു ഷോട്ട് മാത്രമാണ് പിറന്നത്.
ഇതിന് പുറമെ, മത്സരം ഒരു കൂടിക്കാഴ്ചയ്ക്ക് കൂടി വേദിയായി. സിറ്റിയില്‍ നിന്ന് നാപോളിയിലേക്ക് ചേക്കേറിയ കെവിന്‍ ഡി ബ്രൂയ്ന്‍ ഇത്തിഹാദില്‍ വീണ്ടും കളിക്കാനെത്തിയ രംഗത്തിനാണ് ആരാധകര്‍ സാക്ഷിയായത്. എന്നാല്‍ താരം എതിരാളികള്‍ക്ക് വേണ്ടിയാണ് കളിക്കളത്തില്‍ എത്തിയതെന്ന് മാത്രം. ചാമ്പ്യന്‍സ് ലീഗില്‍ നാപോളിക്കൊപ്പം ആദ്യമായി പന്ത് തട്ടിയ താരത്തിന് പക്ഷേ, ടീമിനായി വലിയ സ്വാധീനമുണ്ടാക്കാനായില്ല.
Content Highlight: Manchester City defeated Napoli in UEFA Champions League