പുതിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ വിജയത്തുടക്കം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വോള്‍വ്സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ടീമിന്റെ മുന്നേറ്റം. സൂപ്പര്‍ താരം ഏര്‍ലിങ് ഹലാണ്ടിന്റെ കരുത്തിലാണ് സിറ്റി മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.
മത്സരത്തില്‍ 4 -3 -3 ഫോര്‍മേഷനിലാണ് ഗ്വാര്‍ഡിയോള തന്റെ കുട്ടികളെ പുതിയ സീസണിലെ ഒന്നാം അങ്കത്തിന് ഇറക്കിയത്. അതേസമയം, 3 – 4- 3 ഫോര്‍മേഷനാണ് വോള്‍വ്‌സ് സിറ്റിക്കെതിരെ അവലംബിച്ചത്.
വീറും വാശിയോടെയും ഇരുകൂട്ടരും മൈതാനത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആവേശകരമായ ഒരു മത്സരത്തിനാണ് ആരാധകര്‍ സാക്ഷിയത്. ആദ്യ വിസില്‍ മുതല്‍ തന്നെ സിറ്റിയും വോള്‍വ്സും ആക്രമണങ്ങുളുമായി ഇരു പോസ്റ്റിലേക്കും ഇരച്ചു കയറി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സിറ്റി ഒരുപാട് ഷോട്ടുകളുമായി വോള്‍വ്‌സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി.
വോള്‍വ്സും ഒട്ടും വിട്ടുകൊടുക്കാതെ തന്നെ പോരാടി. 26ാം മിനിട്ടില്‍ സിറ്റിയെ ഞെട്ടിച്ച് മാര്‍ഷല്‍ മുനറ്റ്സി പന്ത് സിറ്റിയുടെ വലയിലെത്തിച്ചു. എന്നാല്‍ വോള്‍വ്സ് താരങ്ങള്‍ ആഘോഷിക്കുന്നതിനിടെ റഫറി ഓഫ്സൈഡ് ഫ്‌ലാഗ് ഉയര്‍ത്തി.
ഈ ശ്രമം കണ്ട് എട്ട് മിനിട്ടുകള്‍ക്കകം സിറ്റി വല കുലുക്കി. ഹലാണ്ടായിരുന്നു സിറ്റിക്കായി ഗോള്‍ നേടിയത്. റിക്കോ ലൂയിസ് നല്‍കിയ പാസ് സ്വീകരിച്ചാണ് താരത്തിന്റെ ഗോള്‍ നേട്ടം. ലീഡ് നേടിയെങ്കിലും സിറ്റി താരങ്ങള്‍ വിശ്രമിക്കാനോ കളിയുടെ വേഗത കുറക്കാനോ തയ്യാറായിരുന്നില്ല.
ആദ്യ ഗോള്‍ വന്ന മൂന്ന് മിനിട്ടില്‍ സിറ്റി തങ്ങളുടെ ലീഡ് ഉയര്‍ത്തി. 37ാം മിനിട്ടില്‍ വല കുലുക്കിയത് തിജാനി റൈന്‍ഡേഴ്സായിരുന്നു. വീണ്ടും ഗോള്‍ എന്ന ലക്ഷ്യത്തോടെ സിറ്റി അക്രമമഴിച്ചുവിട്ടു. ഒന്നാം പകുതിയുടെ അവസാന നിമിഷത്തില്‍ സിറ്റിയുടെ ഒരു മുന്നേറ്റത്തോടെ വിസില്‍ മുഴങ്ങി.
രണ്ടാം പകുതി വോള്‍വ്സിന്റെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ പന്ത് വലയിലെത്തിക്കാന്‍ ദി വാണ്ടറേഴ്സിനായില്ല. ഗോള്‍ നേടി സമനില നേടുകയെന്ന സ്വപ്നം കണ്ടിരിക്കെ വോള്‍വ്സിന്റെ നെഞ്ച് തകര്‍ത്ത് ഹലാണ്ട് സിറ്റിയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. 61ാം മിനിട്ടിലായിരുന്നു താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോള്‍.
പിന്നെയും ഇരു ടീമുകളും പന്തുമായി ഇരു ദിശകളിലേക്ക് ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട് കുതിച്ചു. വോള്‍വ്സിന്റെ ഒരു ഗോളെങ്കിലും നേടുകയെന്ന മോഹത്തെ സിറ്റി പ്രതിരോധം നിലപരിശാക്കി. ഏറെ വൈകാതെ സിറ്റി വോള്‍വ്സിന്റെ തലയില്‍ അവസാന ആണിയടിച്ചു. 81ാം മിനിട്ടില്‍ റയന്‍ ചാക്കി പന്ത് വോള്‍വ്സ് ഗോളിയെ മറികടന്ന് വലയിച്ചെത്തിച്ച് സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
നാലാം ഗോളോടെ വാണ്ടറേഴ്സ് താരങ്ങള്‍ നിരാശയിലായി. പിന്നാലെ, സിറ്റിയുടെ വിജയം വിളിച്ചോതി കളിയുടെ ഫൈനല്‍ വിസിലും മുഴങ്ങി. അതോടെ മൂന്ന് പോയിന്റുമായി സിറ്റി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
Content Highlight: Manchester City beat Wolves in English Premier League with the stunning performance by Erling Haaland