| Tuesday, 28th May 2019, 8:34 am

പി ജയരാജന് പകരം മറ്റൊരാളായിരുന്നുവെങ്കില്‍ വിജയസാധ്യത കൂടുതലായേനെയെന്ന് മനയത്ത് ചന്ദ്രന്‍; 'അക്രമ രാഷ്ട്രീയം പി ജയരാജന് തിരിച്ചടിയായി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് വലിയ പ്രതീക്ഷയാണര്‍പ്പിച്ചിരുന്നത്. ഇടക്കാലത്ത് കൈവിട്ട് പോയ തങ്ങളുടെ കോട്ട തിരിച്ചു പിടിക്കാന്‍ കരുത്തനായ പി ജയരാജനെ തന്നെയാണ് ഇക്കുറി രംഗത്തിറക്കിയത്. എന്നാല്‍ കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ മറ്റ് മണ്ഡലങ്ങളിലെ പോലെ വടകരയിലും എല്‍ഡിഎഫ് തകര്‍ന്നു. വടകരയിലെ ജയരാജന്റെ തോല്‍വിയെ ചൊല്ലി പ്രതികരണങ്ങള്‍ സജീവമാവുകയാണ്. സഖ്യകക്ഷിയായ എല്‍ജെഡിയുടെ ജില്ലാ അദ്ധ്യക്ഷനും വടകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറുമായ മനയത്ത് ചന്ദ്രന്റെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

പി ജയരാജന് പകരം മറ്റൊരാള്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കില്‍ വിജയസാധ്യത കൂടുതലായിരുന്നുവെന്നാണ് മനയത്ത് ചന്ദ്രന്‍ പ്രതികരിച്ചത്. ട്വന്റി ഫോര്‍ ന്യൂസിനോടൊണ് ചന്ദ്രന്റെ പ്രതികരണം. വടകരയില്‍ അക്രമരാഷ്ട്രീയം വലിയ ചര്‍ച്ചയായത് ജയരാജന് തിരിച്ചടിയായി. ഇതിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

ആര്‍എംപി, യുഡിഎഫ്, കെ മുരളീധരന്‍ എന്നിവരെല്ലാവരും അക്രമരാഷ്ട്രീയത്തിനെതിരായി പ്രചരണം നടത്തി. മുരളീധരന്‍ എപ്പോഴും പറഞ്ഞത് കൊലപാതക രാഷ്ട്രീയത്തിനെതിരെ, അക്രമരാഷ്ട്രീയത്തിനെതിരെയാണ് ഈ തെരഞ്ഞെടുപ്പ് എന്നാണ്. അഭ്യൂദയകാംക്ഷികളുടെയും അനുഭാവികളുടെയും വോട്ട് നേടാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നുവെങ്കില്‍ വലിയ വോട്ടിന് വിജയിക്കുമെന്നായിരുന്നു കണക്ക്കൂട്ടല്‍ എന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more