| Wednesday, 19th August 2026, 8:34 pm

ലങ്കയെ തകര്‍ത്തവന് പത്തില്‍ പത്ത്; തൂക്കിയത് ഇന്ത്യന്‍ ചരിത്രം

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ലങ്കയുടെ തട്ടകമായ ഗല്ലെയില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 206 റണ്‍സിന് പുറത്താകുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ – 462 & 193

ശ്രീലങ്ക – 284 & 206 (T: 372)

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാനവ് സുതറാണ്. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും നേടിയാണ് മാനവ് ലങ്കന്‍ നിരയിലെ തകര്‍ത്തത്.

ഇതോടെ ഒരു വമ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. എവേ ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ സ്പിന്നറായി മാറിയിരിക്കുകയാണ് 24കാരനായ മാനവ് സുതര്‍. ഇതോടെ ശ്രീലങ്കന്‍ ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരമാകാനും മാനവിന് സാധിച്ചു (10/ 131).

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 17 വിക്കറ്റാണ് താരം നേടിയത്.

അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് താരം കരുത്ത് കാട്ടിയത്. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 75 പന്തില്‍ 44 റണ്‍സ് നേടിയും താരം മികവ് പുലര്‍ത്തി. ദേവ്ദത്താണ് മത്സരത്തിലെ താരവും.

ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. ഓഗസ്റ്റ് 23നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യ ലക്ഷ്യം വെക്കുക. മറുഭാഗത്ത് പരമ്പര സമനിലയാക്കാന്‍ ലങ്കക്ക് വിജയം അനിവാര്യമാണ്.

Content Highlight: Manav Suthar Create Great Record In Test Cricket For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more